എറണാകുളം എം.ജി. റോഡ് ഇനി ഹോണ്‍ രഹിതം

കൊച്ചി: എം.ജി റോഡിനെ ഹോണ്‍ രഹിത മേഖലയായി പ്രഖ്യാപിച്ചു. ഊദ്യോഗിക പ്രഖ്യാപനം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) എം.ഡി. എ.പി.എം. മുഹമ്മദ് ഹനീഷ് നടത്തി. മാധവ ഫാര്‍മസി ജങ്ഷന്‍ മുതല്‍ മഹാരാജാസ് മെട്രോ സ്റ്റേഷന്‍ വരെയുള്ള ഇടമാണ് നോ ഹോണ്‍ മേഖലയായി പ്രഖ്യാപിച്ചത്.

പ്രഖ്യാപനത്തിന് ശേഷം മുഹമ്മദ് ഹനീഷ് എം.ജി. റോഡില്‍ നേരിട്ടിറങ്ങി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍ക്കുകയും ശബ്ദമലിനീകരണം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ വിവരിക്കുന്ന ലഘുലേഖ നല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് എസ്.സി.എം.എസി.ലെ വിദ്യാര്‍ഥികള്‍ വാഹനങ്ങളില്‍ ‘നോ ഹോണ്‍’ സ്റ്റിക്കര്‍ പതിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു.

നോ ഹോണ്‍ ദിനത്തോടനുബന്ധിച്ചാണ് എം.ജി. റോഡിനെ ഹോണ്‍ രഹിത മേഖലയായി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ), നാഷണല്‍ ഇനീഷിയേറ്റിവ് ഫോര്‍ സേഫ് സൗണ്ട് (എന്‍.ഐ.എസ്.എസ്), ഇ.എന്‍.ടി സര്‍ജന്‍മാരുടെ സംഘടനയായ എ.ഒ.ഐ, എസ്.സി.എം.എസ്, മോട്ടോര്‍ വാഹന വകുപ്പ്, കൊച്ചി മെട്രോ, കൊച്ചി സിറ്റി പൊലീസ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

നിയമപരമായുള്ള പരിരക്ഷയില്ലെങ്കില്‍ സ്വാഭാവികമായും നിയമം തെറ്റിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനാകില്ല. എന്നാല്‍ നിയമത്തിന്റെ പരിരക്ഷയില്ലെങ്കില്‍ കൂടി കൃത്യമായ ആഹ്വാനം കൊണ്ടും ബോധവത്കരണം കൊണ്ടും ഇടപെടല്‍കൊണ്ടും വലിയ അളവോളം ശബ്ദമലിനീകരണം കുറക്കാന്‍കഴിയും എന്ന് മുഹമ്മദ് ഹനീഷ് പറഞ്ഞു. നഗരത്തിലെ റോഡുകളില്‍ രാവിലെ ആറ് മുതല്‍ രാത്രി 11-വരെ
സൈ്വര്യം തരാത്ത രീതിയില്‍ ആവശ്യത്തിനും അനാവശ്യത്തിനും ഹോണടിച്ചു നീങ്ങുന്ന വാഹനങ്ങളാണുള്ളത്. ഇത് വാഹനയാത്രികരെ മാത്രമല്ല കാല്‍നടയാത്രികരെയടക്കം ബാധിക്കുകയാണെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷ്ണര്‍ കറുപ്പുസ്വാമി ചടങ്ങിന് അധ്യക്ഷത വഹിച്ചു. എറണാകുളം ആര്‍.ടി.ഒ. റെജി പി. വര്‍ഗീസ്, എറണാകുളം ട്രാഫിക്ക് വെസ്റ്റ് എ.സി.പി. എം.എ. നസീര്‍, ഐ.എം.എ. കൊച്ചിന്‍ പ്രസിഡന്റ് ഡോ. വര്‍ഗീസ് ചെറിയാന്‍, എസ്.സി.എം.എസ്. ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. രാധാ പി. തേവന്നൂര്‍, കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ബി. സത്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *