എന്‍ഡിടിവിയെ വരിഞ്ഞു കെട്ടാനൊരുങ്ങി കേന്ദ്രം; 429 കോടി ഉടന്‍ അടയ്ക്കണമെന്ന് ആദായ നികുതി വകുപ്പ്


എന്‍ഡിടിവിയെ വരിഞ്ഞു കെട്ടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഒരു ദിവസത്തിനിടെ കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് ഏജന്‍സികള്‍ എന്‍ഡിടിവിക്കെതിരായ നീക്കം ശക്തമാക്കി. ആദായ നികുതി വകുപ്പ്, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ ഏജന്‍സികളാണ് ചാനലിനെതിരെ നീക്കം ശക്തമാക്കിയത്. ചാനല്‍ 429 കോടി രൂപ ഉടന്‍ അടയ്ക്കണമെന്ന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി.
അമേരിക്കയില്‍ നിന്നും ചാനലില്‍ നിക്ഷേപിക്കപ്പെട്ട 150 ദശലക്ഷം ഡോളറിന്റെ ഉടപാടിന്റെ പേരിലാണ് നടപടി. ഇടപാട് തട്ടിപ്പാണെന്നാണ് ആദായ നികുതി വകുപ്പിന്റെ ആരോപണം. എന്നാല്‍ ഇടപാട് തീര്‍ത്തും നിയമാനുസൃതവും ഔദ്യോഗികമായി വിജ്ഞാപനം ചെയ്തതുമാണെന്ന് ചാനല്‍ വ്യക്തമാക്കി.
സാവകാശം നല്‍കാതെ 429 കോടി രൂപ ഉടന്‍ അടയ്ക്കണമെന്ന് അറിയിച്ചു കൊണ്ടുള്ള ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ഞെട്ടലുണ്ടാക്കിയെന്ന് ചാനല്‍ അധികൃതര്‍ പ്രതികരിച്ചു. ആദായ നികുതി വകുപ്പ് ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം എന്‍ഡിടിവിയില്‍ നടത്തേണ്ട കണക്കെടുപ്പ് പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ചാനല്‍ ചൂണ്ടിക്കാട്ടി.




Sharing is Caring