എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ മരിച്ച ഒന്നരവയസ് പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹവുമായി മാതാപിതാക്കളുടെ പ്രതിഷേധം.

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ മരിച്ച ഒന്നരവയസ് പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹവുമായി മാതാപിതാക്കളുടെ പ്രതിഷേധം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് ഇന്നലെ മരിച്ച അര്‍ഷിതയുടെ മൃതദേഹം എയിംസ് നിരാഹാര സമരവേദിയിലെത്തിച്ചാണ് പ്രതിഷേധം.കുട്ടിയുടെ മരണത്തിന് കാരണം സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥയാണ് എന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്.

ജില്ലയിലെ ആരോഗ്യസംവിധാനങ്ങള്‍ ദയനീയമാണ് എന്ന് സമരസമിതി പറയുന്നു. മൂന്നു വര്‍ഷത്തിന് ഇടയില്‍ പ്രദേശത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി ക്യാമ്പ് നടത്തിയിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു. എന്‍ഡോസള്‍ഫാന്‍ രോഗബാധിതരെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. കാസര്‍ഗോഡ് ചികിത്സയ്ക്ക് നല്ല ആശുപത്രിയില്ല. ക്യാമ്പുകള്‍ നടത്താത്തതിനാല്‍ നിരവധി രോഗബാധിതര്‍ എന്‍ഡോസള്‍ഫാന്‍ ലിസറ്റില്‍പ്പെടാതെയുണ്ട് എന്നും സമരസമതി പറഞ്ഞു.മരിച്ച ഒന്നരവയസുകാരി എന്‍ഡോസള്‍ഫാന്‍ ബാധിതയാണെന്നതിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല എന്നും അതിനാല്‍ ചികിത്സ അടക്കമുള്ള കാര്യങ്ങളില്‍ വീഴ്ചയുണ്ടായിട്ടുണ്ട് എന്നും സമരസമിതി ആരോപണം ഉന്നയിക്കുന്നു. കാസര്‍ഗോഡ് പെരിഞ്ച ആദിവാസി കോളനിയിലെ മോഹനന്റെയും ഉഷയുടെയും മകളാണ് അര്‍ഷിത.

തിങ്കളാഴ്ച രാത്രി ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കാസര്‍ഗോഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കാസര്‍ഗോഡ് എത്തിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *