എക്‌സ്സൈസ് കസ്റ്റഡിയില്‍ ഇരിക്കെ യുവാവ് മരിച്ച സംഭവം; കസ്റ്റഡി മര്‍ദ്ദനം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് എക്‌സൈസ് മന്ത്രി

തൃശ്ശൂര്‍: തൃശ്ശൂരില്‍ എക്‌സ്സൈസ് കസ്റ്റഡിയില്‍ ഇരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ കസ്റ്റഡി മര്‍ദ്ദനം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.പ്രതിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്നലെയാണ് തൃശ്ശൂരില്‍ എക്സൈസ് കസ്റ്റഡിയിലേടുത്ത പ്രതി മരിച്ചത്. മലപ്പുറം സ്വദേശിയായ രഞ്ജിത്താണ് മരണപ്പെട്ടത്.

ഇന്നലെ ഉച്ചയ്ക്ക് ഗുരുവായൂര്‍ ബസ് സ്റ്റോപ്പില്‍ വച്ചാണ് പ്രതിയെ കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.

എന്നാല്‍ പിടികൂടിയതിന് പിന്നാലെ രഞ്ജിത്ത് അപസ്മാര ലക്ഷണങ്ങള്‍ കാട്ടിയിരുന്നതായി എക്സൈസ് പറയുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇയാള്‍ മരണപ്പെട്ടുവെന്നുമാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അതെസമയം രഞ്ജിത്തിന്റെ ശരീരം നനഞ്ഞ നിലയിലായിരുന്നുവെന്നും ആശുപത്രയിലെത്തിക്കും മുന്‍പേ മരണപ്പെട്ടിരുന്നുവെന്നും ഇയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ ഗുരുവായൂര്‍ എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *