ഉമ്മന്‍ ചാണ്ടിയുടെ നിസഹകരണത്തിനിടെ ഇന്നു യു.ഡി.എഫ്. യോഗം


ഡി.സി.സി. പുന:സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിനിടെ ഇന്ന് യു.ഡി.എഫ്. യോഗം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയുള്ള പ്രക്ഷോഭപരിപാടിക്കു രൂപം കൊടുക്കാനാണെങ്കിലും കോണ്‍ഗ്രസിലെ തമ്മിലടിയുടെ പോസ്റ്റ്മോര്‍ട്ടമാവും നടക്കുക. രാവിലെ പത്തിനു പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗികവസതിയായ കന്‍റോണ്‍മെന്‍റ് ഹൗസിലാണു യോഗം.
യോഗത്തില്‍ പങ്കെടുക്കാന്‍ എതിര്‍പ്പില്ലെന്ന് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അറിയിച്ചിച്ചിട്ടുണ്ട്. എന്നാല്‍ കെ.പി.സി.സി. നേതൃത്വവുമായി സഹകരിക്കാന്‍ അദ്ദേഹം തയാറാകാത്തതു കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നേതൃസ്ഥാനങ്ങളില്‍നിന്നു മാറിനിന്നെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഉമ്മന്‍ ചാണ്ടി സുപ്രധാനമായ പങ്ക് വഹിച്ചിരുന്നു.


അതിനും താനില്ലെന്ന നിലപാടാണ് ഇപ്പോള്‍ അദ്ദേഹത്തിന്‍റേത്. ഉമ്മന്‍ ചാണ്ടിയുടെ നിസഹകരണത്തേത്തുടര്‍ന്ന് രാഷ്ട്രീയകാര്യസമിതിയോഗം ഇതുവരെ ചേരാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ല. മൂന്നുനേതാക്കള്‍ ഇരുന്ന് കാര്യങ്ങള്‍ തീരുമാനിക്കുന്നത് അവസാനിപ്പിക്കിനാണ് 21 അംഗ രാഷ്ട്രീയകാര്യസമിതി രൂപീകരിച്ചത്.




Sharing is Caring