ഉമ്മന്‍ചാണ്ടി നയിക്കും; സമിതിയില്‍ 10 അംഗങ്ങള്‍

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഉമ്മന്‍ചാണ്ടി നയിക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക ഉമ്മന്‍ചാണ്ടി ചെയര്‍മാനായ സമിതി ആയിരിക്കും. മാനേജ്മെന്‍റ് ആന്‍റ് സ്ട്രാറ്റജിക് കമ്മിറ്റിയില്‍ 10 അംഗങ്ങളുണ്ട്.

കെ സി വേണുഗോപാൽ, താരിഖ് അൻവർ, രമേശ് ചെന്നിത്തല, വി എം സുധീരൻ, കെ മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുധാകരൻ തുടങ്ങിയവരാണ് സമിതിയിലുള്ളത്. സമിതിയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ട്. എല്ലാം വിശദമായി ചര്‍ച്ച ചെയ്തെന്ന് കേരളത്തിന്‍റെ ചുതലയുള്ള താരിഖ് അന്‍വര്‍ വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. കെ.സി വേണുഗോപാലിന്‍റെ അധ്യക്ഷതയിലാണ് ഇന്ന് യോഗം ചേര്‍ന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി സജീവമാകേണ്ടത് അനിവാര്യമാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തി. മുസ്‍ലിം ലീഗ് അടക്കമുള്ള ഘടക കക്ഷികളും ഉമ്മന്‍ചാണ്ടി നേതൃത്വത്തിലേക്ക് വരണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

ഇന്ന് വൈകീട്ട് രാഹുൽ ഗാന്ധിയുമായി കേരളത്തിലെ നേതാക്കൾ നടത്തുന്ന കൂടിക്കാഴ്ചയിൽ ഉമ്മന്‍ചാണ്ടിയുടെ പുതിയ പദവി ചർച്ചയാകും. ഈ ചര്‍ച്ചക്ക് ശേഷമായിരിക്കും പ്രഖ്യാപനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *