ഉന്നാവോ: പെണ്‍കുട്ടിയെയും അഭിഭാഷകനെയും ഡല്‍ഹി എയിംസിലേക്ക് മാറ്റണം :സുപ്രീം കോടതി

ന്യൂഡല്‍ഹി: വാഹനാപകടത്തെ തുടര്‍ന്ന് ലക്നൗ കിംഗ് ജോര്‍ജ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉന്നാവോയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെയും അഭിഭാഷകനെയും ഡല്‍ഹിയിലെ എംയിസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി. എയര്‍ ലിഫ്‌റ്റിംഗിലൂടെയാണ് ഇരുവരെയും ഡല്‍ഹിയിലേക്ക് മാറ്റുക. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ലക്നൗവില്‍ തുടരുകയായിരുന്നു.

ഇതിനിടെ, പെണ്‍കുട്ടിയുടെയും അഭിഭാഷകന്റെയും ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് കിംഗ് ജോര്‍ജ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. വെന്റിലേറ്ററില്‍ നിന്ന് പെണ്‍കുട്ടിയെ ഉടന്‍ തന്നെ മാറ്റും.അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഞങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ പെണ്‍കുട്ടിക്ക് സാധിക്കുന്നുണ്ട്. പനിയിലും നേരിയ കുറവുണ്ട്- ഡോക്ടര്‍മാര്‍ പറഞ്ഞു.

ദിവസങ്ങള്‍ക്കുള്ളിലാണ് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം റായ്ബറേലിയില്‍ ദുരൂഹസാഹചര്യത്തില്‍ അപകടത്തില്‍ പെടുന്നത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ കൊല്ലപ്പെടുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത സി.ബി.ഐ സംഘം എഫ്.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്‌തു. കുല്‍ദീപ് സെന്‍ഗാറും പത്ത് കൂട്ടാളികള്‍ക്കും പുറമെ അരുണ്‍ സിംഗ് എന്നയാളെയും സി.ബി.ഐ സംഭവത്തില്‍ പ്രതികളാക്കിയിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ രണ്‍വീന്ദര്‍ സിംഗിന്റെ മരുമകനായ അരുണ്‍ സിംഗിനെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *