ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ബിജെപി നേതാക്കള്‍ക്കെതിരെ വ്യാപക പ്രതിഷേധം.പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലാണ് തുടര്‍ച്ചയായി പ്രതിഷേധമുണ്ടാകുന്നത്. ബിജെപി സ്ഥാനാര്‍ഥികളെയും നേതാക്കളെയും കരിങ്കൊടി കാണിക്കുകയും ചിലയിടങ്ങളില്‍ കല്ലേറുണ്ടാകുകയും ചെയ്തു. ചളി വാരിയെറിഞ്ഞ സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആസൂത്രിത നീക്കമാണിതെന്ന് ബിജെപി നേതാക്കള്‍ ആരോപിക്കുന്നു.
ബിജെപി നേതാക്കള്‍ക്കെതിരെ പ്രതിഷേധമുണ്ടായത് 12ലധികം സ്ഥലങ്ങളിലാണ്. എല്ലാം പടിഞ്ഞാറന്‍ യുപിയിലെ വിവിധ ഗ്രാമങ്ങളില്‍. ഫെബ്രുവരി 10, 14 തിയ്യതികളിലാണ് ഇവിടെ വോട്ടെടുപ്പ് നടക്കാന്‍ പോകുന്നത്. ബിജെപിയുടെ സിവല്കാസ് സ്ഥാനാര്‍ഥി മനീന്ദര്‍പാല്‍ സിങിനെതിരെ ചുര് ഗ്രാമത്തിലാണ് പ്രതിഷേധമുണ്ടായത്. 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൂടാതെ കണ്ടാലറിയാവുന്ന 60 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. സിങ് പരാതിപ്പെട്ടില്ലെങ്കിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.