ഉത്തരകൊറിയ അന്താരാഷ്ട്ര സമൂഹവുമായി സഹകരിക്കണമെന്ന് യുഎസ്


ഗുവാമിലെ യുഎസ് സൈനിക താവളം തകര്‍ക്കുമെന്ന ഉത്തരകൊറിയന്‍ ഭീഷണി ആ രാജ്യത്തിന്റെ നാശത്തിലേക്ക് വഴിവയ്ക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റീസ്. അന്താരാഷ്ട്ര സമൂഹവുമായി ഉത്തരകൊറിയന്‍ സ്വേച്ഛാധിപതി കിം ജോംഗ് ഉന്‍ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


അമേരിക്കയുടെ സൈനികതാവളമായ ഗുവാം ദ്വീപിനെ ആക്രമിക്കുമെന്ന് ഉത്തരകൊറിയ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. അമേരിക്കയ്ക്കു ഭീഷണിയായാല്‍ ഉത്തരകൊറിയയെ ചുട്ടുചാമ്പലാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിനു മറുപടിയായാണ് കിം ജോംഗ് ഉനിന്റെ ഭീഷണിയുണ്ടായത്.


ഇതിനു പുറമെ ഗുവാമിലെ യുഎസ് സൈനിക താവളം ആക്രമിക്കാനുള്ള നാല് മിസൈലുകള്‍ തയാറായതായും കിം ജോംഗിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേ സമയം ഗുവാമിൽ യുഎസ് സൈനിക വിന്യാസം ശക്തമാക്കിയിയെന്നാണ് റിപ്പോർട്ടുകൾ. ഉത്തരകൊറിയയുടെ എല്ലാ ആക്രമണങ്ങളെയും തടയാനുള്ള പ്രതിരോധ സംവിധാനങ്ങൾ സൈന്യം ഒരുക്കിയിട്ടുണ്ട്. അമേരിക്കയുടെ ബി1 ബോംബറുകൾ ഗുവാമിനു മുകളിലൂടെ പരിശീലനം നടത്തുന്നുണ്ട്. ജപ്പാൻ, ദക്ഷിണ കൊറിയ വ്യോമസേനകളും യുഎസിനൊപ്പം പരിശീലനത്തിനുണ്ട്.



Sharing is Caring