ഈദ് ദിനത്തില്‍ സിറിയയുടെ വിവിധ പ്രദേശങ്ങളിലുണ്ടായ വ്യോമാക്രമണത്തില്‍ നൂറോളം പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
സിറിയന്‍ നഗരങ്ങളായ അലപ്പോയിലും ഇദ്ലിബിലുമാണ് ആക്രമണം ഉണ്ടായത്. ഈ നഗരങ്ങളിലെ വിമതരുടെ അധീനതയിലുള്ള പ്രദേശങ്ങളിലാണ് സ്ഫോടനങ്ങള്‍ നടന്നത്.ഇദ്ലിബിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 55 പേര്‍ക്കാണ് ജീവന് നഷ്ടമായത്.

ആക്രമണത്തില്‍ രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.അലപ്പോയില്‍ ഒന്‍പതു കുട്ടികളടക്കം 46 പേര് മരിച്ചു. സംഭവത്തില്‍ പരിക്കേറ്റവരെ സിറിയയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
ജനീവയിലെ 13 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവും വെടിനിര്‍ത്തല്‍ ധാരണ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ആക്രമണം നടന്നത്.
സിറിയന്‍ യുദ്ധവിമാനങ്ങളോ സഖ്യകക്ഷിയായ റഷ്യയുടെ വിമാനങ്ങളോ ആണ് ബോംബാക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന. അലപ്പോയില്‍ സിറിയന്‍ സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ കനത്തിരുന്നു.













