ഈജിപ്തിലേത് പോരാട്ടമില്ലാത്ത തെരഞ്ഞെടുപ്പ്; മുന്‍കൂട്ടി ഫലമറിഞ്ഞു

കൈറോ: സ്ഥാനാര്‍ഥികള്‍ തമ്മില്‍ പോരാട്ടമില്ലാത്തതിനാല്‍ തെരഞ്ഞടുപ്പിന്‍റെ ആവേശങ്ങളൊന്നുമില്ലാതെയാണ് ഈജിപ്ത് പ്രസിഡന്‍റിനെ തീരുമാനിക്കാനുളള വോട്ടെടുപ്പ് നടക്കുന്നത്. വിജയമുറപ്പിച്ച നിലവിലെ പ്രസിഡന്റ് അബ്ദുല്‍ ഫതഹ് അല്‍സീസി എത്ര ശതമാനം വോട്ട് നേടുമെന്നതു മാത്രമാണ് മാര്‍ച്ച്‌ 28വരെ നീണ്ടു നില്‍ക്കുന്ന മൂന്ന് ദിവസത്തെ വോട്ടെടുപ്പിലൂടെ അറിയാനുളളത്.

ഈജിപ്തിലെങ്ങും സീസിയുടെ ചിത്രങ്ങളടങ്ങിയ ബാനറുകളും തോരണങ്ങളും കാണാമെങ്കിലും എതിര്‍ സ്ഥാനാര്‍ഥിയായ മൂസ മുസ്തഫയുടെ പ്രചാരണം നാമമാത്രമാണ്. ഏഴു വര്‍ഷം മുമ്പ്‌ പ്രസിഡന്‍റ് മുബാറകിനെ താഴെയിറക്കുന്നതിലേക്ക് നയിച്ച ജനമുന്നേറ്റത്തിന്‍റെ കേന്ദ്രമായ തഹ്‌രീര്‍ ചത്വരത്തില്‍ സീസിയുടെ അനുയായികളുടെ പ്രചാരണങ്ങള്‍ മാത്രമെ കാണാനുളളൂ.

സീസിയുടെ പ്രസംഗം വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചും തുറന്ന ജീപ്പില്‍ ഗാനത്തിനൊപ്പം നൃത്തം വെച്ചുമൊക്കെയാണ് അനുയായികള്‍ ചത്വരത്തില്‍ വോട്ടെടുപ്പിന്‍റെ ഓളം സൃഷ്്ടിക്കുന്നത്. പ്രചാരണ പോസ്റ്ററുകളും അങ്ങിങ്ങായുളള ചില ബൂത്തുകളും ഗാനങ്ങളുമൊഴികെ തെരഞ്ഞെടുപ്പിന്‍റെ ഒരാവേശവും എവിടെയുമില്ല. ഫലമറിഞ്ഞ കളി കാണുന്ന വിരസതയോടെയാണ് ഈജിപ്തിലെ ജനത തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ കാണുന്നത്.

അതുകൊണ്ട് തന്നെ വോട്ടിങ് ശതമാനം കുറയുമെന്ന ആശങ്ക നിലവിലുണ്ട്. തെരഞ്ഞെടുപ്പിനുളള നാമനിര്‍ദേശം സമര്‍പ്പിക്കുന്നത് അവസാനിക്കുന്നതിന്‍റെ രണ്ടു മണിക്കൂര്‍ മുമ്ബ് മാത്രം പ്രത്യക്ഷപ്പെട്ട സീസി അനുകൂലി കൂടിയായ മൂസ മുസ്തഫ എതിര്‍ സ്ഥാനാര്‍ഥിയായി ഇല്ലായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് എന്ന പ്രയോഗം തന്നെ അപ്രസക്തമാകുമായിരുന്നു. 2014ലെ തെരഞ്ഞടുപ്പിനേക്കാള്‍ പോളിങ് കുറയരുതെന്നാഗ്രഹിക്കുന്ന സീസി എല്ലാവരും വോട്ട് ചെയ്യണമെന്നാണ് പ്രചാരങ്ങളില്‍ ഊന്നി പറയുന്നത്.

മുന്‍ പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കി പട്ടാള പിന്തുണയോടെ അധികാരത്തിലെത്തിയ സീസി 2014ല്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചപ്പോള്‍ 47.5 ശതമാനമായിരുന്നു പോളിങ്. രേഖപ്പെടുത്തിയ വോട്ടിന്‍റെ 97.5 ശതമാനവും നേടിയ സീസി അതിലും മികച്ച വിജയമാണ് ഇത്തവണ ആഗ്രഹിക്കുന്നത്. എന്നാല്‍, എതിര്‍സ്ഥാനാര്‍ഥികളായി വെല്ലുവിളി ഉയര്‍ത്താവുന്നവരെ ജയിലിലടച്ചും അല്ലാതെയും മത്സരരംഗത്തു നിന്നും ഒഴിവാക്കിയ സീസിയുടെ നടപടിയെ ആശങ്കയൊടെ കാണുന്ന വലിയൊരു ഭാഗം ഈജിപ്തിലുണ്ട്.

അതേസമയം, ഭീകരവാദവും സുരക്ഷാ ഭീഷണിയും രാജ്യം നേരിടുന്ന ഈ ഘട്ടത്തില്‍ സ്ഥിരതയാര്‍ന്ന ഭരണത്തിന് സീസിയെ ഇപ്പോള്‍ പിന്തുണക്കണമെന്ന വാദം ഉയര്‍ത്തുന്നവരുമുണ്ട്. 2011ലെയും പിന്നീടുളള അനുഭവങ്ങളുടെയും വെളിച്ചത്തില്‍ സീസിയാണ് ഭേദമെന്ന് തുറന്നു പറയുന്ന ധാരാളം പേരെ ഈജിപ്തില്‍ കാണാനാകും. രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ കോപ്റ്റിക് ക്രിസ്ത്യാനികളുടെ പിന്തുണയും സീസിക്കുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *