ഇ മെയില്‍: എഫ്.ബി.ഐ ഡയറക്ടര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഒബാമ

തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമി ഹിലരിക്കെതിരേ നടത്തുന്ന നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ.

അന്വേഷണ നിയമങ്ങളെ കാറ്റില്‍പറത്തിയാണ് എഫ്.ബി.ഐ ഡയറക്ടറുടെ നടപടിയെന്ന് ഒരു മാധ്യമത്തിനുനല്‍കിയ അഭിമുഖത്തില്‍ ഒബാമ വിമര്‍ശിച്ചു.

തങ്ങള്‍ അത്തരത്തിലുള്ളൊരു ചീത്ത നടപടിക്ക് മുതിരില്ല. ഇ മെയില്‍ വിവാദത്തില്‍ പല തരത്തിലുള്ള അന്വേഷണങ്ങളും നടന്നതാണ്. അതില്‍ ചില പാകപ്പിഴകള്‍ കണ്ടിരുന്നുവെങ്കിലും ഹിലരിക്കെതിരേ കുറ്റാരോപണം നടത്താന്‍ മാത്രം തെളുവുകളില്ലെന്നും ഒബാമ പറഞ്ഞു.

തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് എഫ്.ബി.ഐയുടെ കേസെന്നും ജെയിംസ് കോമി നിയമത്തെ മറികടക്കുകയാണെന്നും മുതിര്‍ന്ന ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ഹാരി റെയ്ഡും പറഞ്ഞിരുന്നു.

ഹിലരിക്കെതിരേ കൂടുതല്‍ അന്വേഷണത്തിനു വേണ്ടി ഹിലരിയുടെ സഹായിയുടെ കംപ്യൂട്ടര്‍ പരിശോധിക്കാനാണ് വാറന്റ് പുറപ്പെടുവിക്കണമെന്ന് എഫ്.ബി.ഐ ആവശ്യപ്പെട്ടത്. ‘മിനി ഹിലരി’ എന്നറിയപ്പെടുന്ന ഹുമ അബ്ദിനിന്റെ കംപ്യൂട്ടറാണു പരിശോധിക്കുക. ഇവരുടെ മുന്‍ ഭര്‍ത്താവും ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്ററുമായിരുന്ന അന്തോണി വെയ്‌നറുടെ ഇമെയിലും പരിശോധിക്കണമെന്ന് എഫ്.ബി.ഐ പറയുന്നു.

ഹിലരി സ്വകാര്യ ഇമെയില്‍ അക്കൗണ്ട് ഉപയോഗിച്ച് ഹുമ അബ്ദിന് മെയില്‍ അയച്ചിരുന്നു. ഇതാണ് എഫ്.ബി.ഐ കണ്ടെത്തിയത്. അന്തോണി വെയ്‌നര്‍ 15കാരിയുമായി നടത്തിയ ലൈംഗിക ചാറ്റിങ്ങിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഹിലരിയുടെ സ്വകാര്യ ഇമെയില്‍ ഐഡി കണ്ടെത്തിയത്. 6.5 ലക്ഷത്തോളം ഇമെയിലുകള്‍ ലാപ്‌ടോപ് ഉപയോഗിച്ച് അയച്ചിട്ടുണ്ടെന്നാണ് എഫ്.ബി.ഐ പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *