ഇ.പി ജയരാജന് വീണ്ടും മന്ത്രി സഭയിലേക്ക്. ഇ.പിയുടെ മന്ത്രിസഭാ പുനപ്രവേശം സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ ധാരണയായതായാണ് സൂചന.
ബന്ധു നിയമന വിവാദത്തെത്തുടര്‍ന്നാണ് ഇ.പി ജയരാജന് നേരത്തെ രാജിവെച്ചത്. കുറ്റവിമുക്തനായ സാഹചര്യത്തില്‍ മന്ത്രിസഭയിലേക്കു മടങ്ങിവരാനുള്ള ഒരുക്കത്തിലായിരുന്നു ഇ.പി ജയരാജന്.

വെള്ളിയാഴ്ച സി.പി.എം സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും വിഷയം ചര്‍ച്ച ചെയ്യും. തിങ്കളാഴ്ച്ച നടക്കുന്ന എല്‍.ഡി.എഫ് യോഗത്തിന് മുന്‍പ് സി.പി.ഐ യുമായി സി.പി.എം വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന. ജയരാജനെ മടക്കിക്കൊണ്ടുവരുന്നതിലെ കാരണം സി.പി.ഐ.യെ ബോധ്യപ്പെടുത്തുക എന്നതാവും ചര്‍ച്ചയുടെ ലക്ഷ്യം.
ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങിയ മന്ത്രി എ.കെ ശശീന്ദ്രന് മന്ത്രിസഭയിലേക്ക് തിരിച്ചുവന്നതുമുതല്‍ ഇ.പിയുടെ മടങ്ങി വരവിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു.
ബന്ധു നിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം തെറിച്ച പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരണമെന്ന് പാര്‍ട്ടി തന്നെ ആവശ്യപ്പെട്ടിരുന്നു. വ്യവസായ വകുപ്പിന്റെ പ്രവര്‍ത്തനം ഇനിയും മെച്ചപ്പെടാനുണ്ടെന്നും അതിന് ജയരാജന് മാത്രമേ കഴിയൂ എന്നുമാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. നിലവില്‍ വ്യവസായമന്ത്രിയായ എ.സി മൊയ്തീനെ മാറ്റണമെന്നും കഴിഞ്ഞ തവണ നടന്ന സെക്രട്ടേറിയറ്റില്‍ ആവശ്യമുയര്‍ന്നതായാണ് സൂചന. ജയരാജന് വ്യവസായ മന്ത്രിയായി വന്നാല്‍ മൊയ്തീന് പഴയ സഹകരണ വകുപ്പ് നല്‍കും. ഇടക്കുള്ള മന്ത്രിസഭാ പുനഃസംഘടന സി.പി.എം രീതിയല്ലെങ്കിലും സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പുനഃസംഘടന സഹായിക്കുമെന്ന വിലയിരുത്തലിലാണ് സി.പി.എം.













