ഇന്‍സ്റ്റാഗ്രാം അടിമുടി പൊളിച്ചു പണിയുന്നു; പുതിയ പതിപ്പ് ഇങ്ങനെയായിരിക്കും

കാലിഫോര്‍ണിയ: രൂപകല്‍പ്പനയില്‍ വലിയൊരു മാറ്റത്തിനൊരുങ്ങുകയാണ് സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാം. ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുടെ പ്രൊഫൈല്‍ പേജിലാണ് മാറ്റങ്ങള്‍ വരുന്നത്. പ്രൊഫൈല്‍ ചിത്രം, ഫോളോ, മെസേജ് ബട്ടനുകള്‍, സ്‌റ്റോറീസ്, എന്നിവ പുതിയ രീതിയിലാണ് പേജില്‍ സ്ഥാപിച്ചിട്ടുള്ളത്.

അടുത്തിടെ നിങ്ങളുടെ ആപ്പ് ഉപയോഗം നിരീക്ഷിക്കുന്നതിനുള്ള ഫീച്ചര്‍ ഉള്‍പ്പടെ നിരവധി പുതിയ മാറ്റങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ എത്തിയിട്ടുണ്ട്. വ്യവസായ സ്ഥാപനങ്ങള്‍ക്ക് വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള ഫീച്ചറുകളും ഇന്‍സ്റ്റാഗ്രാമില്‍ പുതിയതായി എത്തിയിട്ടുണ്ട്. ഒരേ സമയം ഉപയോക്താക്കള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ മാറ്റങ്ങളാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം കൊണ്ടുവരാന്‍ പദ്ധതിയിടുന്നത്.
പുതിയ മാറ്റങ്ങള്‍ ഇങ്ങനെയാണ്

യൂസര്‍ നെയിം, മുകളിലേക്ക് കൊണ്ടുവരികയും കൂടുതല്‍ വലിപ്പമുള്ള അക്ഷരങ്ങളായി അത് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. പ്രൊഫൈല്‍ പേജില്‍ ഇപ്പോള്‍ കാണിച്ചിട്ടുള്ള പോസ്റ്റുകളുടെ എണ്ണം പുതിയ പേജില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഫോളോവര്‍, ഫോളോയിങ് കണക്കുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. പേരും ഡിസ്‌ക്രിപ്ഷനും മുകളില്‍ ഇടത് ഭാഗത്തായി നല്‍കുമ്പോള്‍ പ്രൊഫൈല്‍ ചിത്രം മുകളില്‍ വലത് ഭാഗത്തേക്ക് മാറ്റി.

മെസേജ്, ഫോളോ, ഇമെയില്‍, കോള്‍, എന്നീ ബട്ടനുകളും വ്യവസായ സ്ഥാപനങ്ങള്‍ക്കായി ഡയറക്ഷന്‍, സ്റ്റാര്‍ട്ട് ഓര്‍ഡര്‍ ബട്ടനുകളും പ്രൊഫൈല്‍ പേജില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഗ്രിഡ്, പോസ്റ്റ്, ഐജിടിവി, ടാഗ്ഡ്, ഷോപ്പ് ബട്ടനുകളും പ്രൊഫൈല്‍ പേജില്‍ കൊണ്ടുവന്നിരിക്കുന്നു.

ഉപയോക്താക്കള്‍ക്ക് പുതിയ അനുഭവം നല്‍കാന്‍ ഈ മാറ്റങ്ങള്‍ സഹായിക്കുമെന്നാണ് ഇന്‍സ്റ്റാഗ്രാമിന്റെ പ്രതീക്ഷ. നിലവില്‍ പ്രതിമാസം നൂറ് കോടിയിലധികം ഉപയോക്താക്കള്‍ ഇന്‍സ്റ്റാഗ്രാമിനുണ്ട്.

വരുന്ന ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പുതിയ മാറ്റങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രാബല്യത്തില്‍ വരും. പുതിയ മാറ്റങ്ങള്‍ അപ് ലോഡ് ചെയ്ത ചിത്രങ്ങളോ വീഡിയോകളോ ഒഴിവാക്കപ്പെടില്ലെന്നും ഇന്‍സ്റ്റാഗ്രാം ഒരു ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി.

നിലവില്‍ ഈ മാറ്റങ്ങള്‍ പരീക്ഷണ ഘട്ടത്തിലാണ്. ബീറ്റാ ഉപയോക്താക്കളുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് വേണ്ട മാറ്റങ്ങള്‍ കൊണ്ടുവരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *