ഏഷ്യാ കപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം. 13-ാമത് ചാമ്പ്യന്‍ഷിപ്പിനാണ് ഇന്ന് തുടക്കമാകുന്നത്. ഇന്ന് മുതല്‍ 22 വരെ യോഗ്യതാ മത്സരങ്ങള്‍ നടക്കും. അഫ്ഗാനിസ്ഥാന്, ഹോങ്കോങ്ങ്, യുഎഇ, ഒമാന്‍ ടീമുകളാണ് യോഗ്യതാ മത്സരങ്ങള്‍ കളിക്കുന്നത്. ഇതില്‍ വിജയിക്കുന്ന ടീം ഫൈനല്‍ റൗണ്ടിന് യോഗ്യത നേടും. യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് ഇന്ന് യുഎഇയെയും ഒമാന്‍ ഹോങ്കോംഗിനെയും നേരിടും.
ഇന്ത്യ, പാക്കിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്ക് പുറമെ യോഗ്യതാ റൗണ്ടില്‍ വിജയിച്ചെത്തുന്ന ടീം ഉള്‍പ്പെടെ അഞ്ച് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. യോഗ്യതാ റൗണ്ടിനുശേഷം 24ന് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കും. ഇന്ത്യയും ബംഗ്ലാദേശും തമ്മിലാണ് ഉദ്ഘാടന പോരാട്ടം. മുന്‍ ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം 50 ഓവര്‍ മത്സരമാണ് നടന്നിരുന്നതെങ്കില്‍ ഇത്തവണ ട്വന്റി 20 ആയാണ് ടൂര്‍ണമെന്റ് നടക്കുക. ഈ വര്‍ഷം ട്വന്റി 20 ലോകകപ്പ് നടക്കുന്നതിനോടനുബന്ധിച്ചാണ് ഏഷ്യാ കപ്പും ട്വന്റി 20 ഫോര്‍മാറ്റിലേക്ക് മാറ്റിയത്.













