ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്ങ്സില്‍ ലീഡ് വഴങ്ങിയശേഷം രണ്ടാം ഇന്നിങ്ങ്സില്‍ ഇന്ത്യ പൊരുതുന്നു. ഒന്നാം ഇന്നിങ്ങ്സില്‍ 87 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 213 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍. ആറ് വിക്കറ്റും രണ്ട് ദിവസവും കയ്യിലിരിക്കെ ഇന്ത്യക്ക് 126 റണ്‍സിന്റെ ലീഡ്. 79 റണ്‍സുമായി ചേതേശ്വര്‍ പൂജാരയൂം 40 റണ്‍സുമായി അജിന്‍ക്യ രഹാനെയും ക്രീസില്‍. പരമ്പരയിലാദ്യമായാണ് ഇന്ത്യന്‍ സ്കോര്‍ 200 കടക്കുന്നത്.
നേരത്തെ 237ന് ആറ് എന്ന നിലയില്‍ ഒന്നാം ഇന്നിങ്സ് ആരംഭിച്ച ഓസ്ട്രേലിയ 276ന് എല്ലാവരും പുറത്തായി. ആറു വിക്കറ്റ് പിഴുത രവീന്ദ്ര ജഡേജയാണ് മൂന്നാം ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ഓസ്ട്രേലിയയെ പുറത്താക്കിയത്.

14 റണ്‍സുമായി ബാറ്റിങ്ങ് ആരംഭിച്ച മിച്ചല്‍ സ്റ്റാര്‍ക്കിനെയാണ് ഓസ്ട്രേലിയക്ക് ആദ്യം നഷ്ടമായത്. തലേന്നത്തെ സ്കോറിനോട് 12 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത സ്റ്റാര്‍ക്കിനെ (26) ജഡേജയുടെ കൈകളിലെത്തിച്ച് അശ്വിനാണ് ഇന്നലത്തെ ആദ്യ വിക്കറ്റെടുത്തത്. സ്കോര്‍ 7ന് 269. പിന്നീട് സ്കോര്‍ 274-ല്‍ എത്തിയപ്പോള്‍ അടുത്തടുത്ത പന്തുകളില്‍ 40 റണ്‍സെടുത്ത മാത്യു വെയ്ഡിനെയും റണ്ണൊന്നുമെടുക്കാത്ത നഥാന്‍ ലിയോണിനെയും ജഡേജ മടക്കി. അതിനുശേഷം ഒരു റണ്ണെടുത്ത ഹെയ്സല്‍വുഡിനെ രാഹുലിന്റെ കൈകളിലെത്തിച്ച് ജഡേജ ഓസീസ് ഇന്നിങ്സ് അവസാനിപ്പിച്ചു.
ജഡേജ 63 റണ്‍സിന് 6 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന് രണ്ടെണ്ണം സ്വന്തമാക്കി. ഇഷാന്ത് ശര്‍മ്മയും ഉമേഷ് യാദവും ഓരോ വിക്കറ്റ് നേടി.













