ഇന്ത്യയുടെ കറുത്ത മുത്തിന് ഇന്ന് 52-ാം ജന്മദിനം

ഫുട്ബോൾ ലോകത്ത് ‘കറുത്ത മുത്ത്’ എന്ന് കേൾക്കുമ്പോൾ ഒരുപക്ഷേ നമുക്കെല്ലാം ഓർമവരിക ഫുട്ബോൾ രാജാവ് സാക്ഷാൽ എഡ്സൺ അരാന്റസ് ദൊ നാസിമെന്റോ എന്ന പെലെയുടെ പേരായിരിക്കും. എന്നാൽ ഫുട്ബോൾ എന്ന വികാരം ഞരമ്പിലൂടെ പ്രവഹിക്കുന്ന ഓരോ ഇന്ത്യക്കാരനും ആ പേര് കേൾക്കുമ്പോൾ ഓർമ വരിക നമ്മുടെ സ്വന്തം കറുത്ത മുത്ത് ഐ.എം വിജയനെയാകും.

ഒരു കാലത്ത് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സോഡ വിറ്റുനടന്നിരുന്ന ആ കോലോത്തും പാടത്തുകാരൻ പിന്നീട് നടന്നുകയറിയത് ഇന്ത്യൻ ഫുട്ബോളിലേക്കും കളിപ്രേമികളുടെ ഹൃദയങ്ങളിലേക്കുമായിരുന്നു. ഐ.എം വിജയനെന്ന നമ്മുടെ സ്വന്തം ഫുട്ബോൾ ഇതിഹാസത്തിന്റെ 52-ാം ജന്മദിനമാണിന്ന്.

ഇല്ലായ്മകളിൽ കഴിഞ്ഞ് തന്റെ കഴിവിനെ തളച്ചിടാതെ പ്രതിസന്ധികളെ തന്റെ കാൽപ്പന്തു കളിയിലെ മികവിലൂടെ മറികടന്ന താരമാണ് വിജയൻ.

1969 ഏപ്രിൽ 25-ന് തൃശൂരിലായിരുന്നു ഇന്ത്യൻ ഫുട്ബോളിലെ കറുത്ത മുത്ത് എന്നറിയപ്പെടുന്ന അയനിവളപ്പിൽ മണി വിജയൻ എന്ന ഐ.എം വിജയന്റെ ജനനം. കടുത്ത ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലമായിരുന്നു അദ്ദേഹത്തിന്റേത്. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരങ്ങൾക്കിടെയും മറ്റും സോഡ വിറ്റുനടന്നിരുന്ന ആ പയ്യൻ പക്ഷേ തന്റെ ജന്മസിദ്ധമായ ഫുട്ബോളിനെ കൈവിട്ടിരുന്നില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *