കുത്തുന്നതിനെക്കാള്‍ വേഗത്തില്‍ പന്ത് വിക്കറ്റിലേക്ക് പാഞ്ഞുവരുന്ന വാണ്ടറേഴ്സിലെ പിച്ചില്‍ ആദ്യ ഇന്നിങ്സില്‍ 183ന് പുറത്തായ ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ തിരിച്ചടിച്ചു തുടങ്ങി. രണ്ട് റണ്‍സെടുത്ത ഒാപ്പണര്‍ െഎഡന്‍ മര്‍ക്രാമിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് ആദ്യ വെടി പൊട്ടിച്ചത്. ആദ്യ ദിവസം കളി നിര്ത്തുേമ്ബാള് ഒരു വിക്കറ്റിന് ആറ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. നാല് റണ്‍സുമായി ഡീന്‍ എല്‍ഗാറും റണ്ണൊന്നുമെടുക്കാതെ നൈറ്റ് വാച്മാന് കഗീേസാ റബദയുമാണ് ക്രീസില്‍.
ഇന്ത്യയുെട ഇന്നിങ്സ് തകര്‍ച്ചയായിരുന്നു വാണ്ടറേഴ്സിലെ ആദ്യ ദിവസത്തെ കാഴ്ച. സ്വന്തം മണ്ണിലെ പിച്ചുകളില്‍ ബാറ്റിങ്ങ് അതിശയം കാഴ്ചവെക്കുന്ന ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് പട തീ തുപ്പുന്ന ദക്ഷിണാഫ്രിക്കന്‍ പന്തുകള്‍ക്കു മുന്നില്‍ ശരിക്കും മുട്ടിടിക്കുകയായിരുന്നു. മൂന്നാം ടെസ്റ്റിലെങ്കിലും ജയിക്കാനിറങ്ങിയ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് വെറും 183 റണ്‍സിന് ദക്ഷിണാഫ്രിക്ക മടക്കിക്കെട്ടി. വിരാട് കോഹ്ലിയും ചേതേശ്വര്‍ പുജാരയും നേടിയ അര്‍ധ സെഞ്ച്വറിയും വാലറ്റത്ത് ഭുവനേശ്വര്‍ കുമാര്‍ പൊരുതി നേടിയ 30 റണ്‍സും മാത്രമാണ് ഇന്ത്യന്‍ ഇന്നിങ്സിലെ ചെറുത്തുനില്‍പ്പ്.

അതിവേഗത്തില്‍ വിക്കറ്റിലേക്ക് പന്ത് പാഞ്ഞടുക്കുന്ന പിച്ചില്‍ കോഹ്ലിയും പുജാരയും ഭുവനേശ്വറും ഒഴികെ ആര്‍ക്കും രണ്ടക്കം കടക്കാനായില്ല. ലോകേഷ് രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, ഇശാന്ത് ശര്‍മ എന്നിവര്‍ ശൂന്യമായ അക്കൗണ്ടുമായി കളംവിട്ടു. മുരളി വിജയ് (8), അജിന്‍ക്യ രഹാനെ (9), പാര്‍ത്ഥിവ് പേട്ടല്‍ (2), മുഹമ്മദ് ഷമി (8) എന്നിങ്ങനെയാണ് സ്കോര്‍. ജസ്പ്രീത് ബുംറ റണ്ണൊന്നുമില്ലാതെ പുറത്താകാതെ നിന്നു.
കഗീസോ റബദ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മോനേ മോര്‍ക്കല്‍, വെര്‍നോണ്‍ ഫിലാണ്ടര്‍, പെഹ്ലുക്വേയാ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ലുംഗി ഗിഡി ശേഷിച്ച വിക്കറ്റ് സ്വന്തമാക്കി.
മൂന്നാം ടെസ്റ്റിലെങ്കിലും പച്ചപിടിക്കണേയെന്ന പ്രാര്ത്ഥനയുമായിറങ്ങിയ ഇന്ത്യക്ക് നൂറ് തികയും മുമ്ബുതന്നെ വിലപ്പെട്ട മൂന്ന് വിക്കറ്റുകളും നഷ്ടമായിക്കഴിഞ്ഞിരുന്നു. 17 റണ്‍സിന് ഒാപ്പണര്‍മാര്‍ രണ്ടുപേരും കരയ്ക്കുകയറിയ ഇന്ത്യക്ക് അര്‍ധ സെഞ്ച്വറി തികച്ചയുടന്‍ ക്യാപ്റ്റനെയും നഷ്ടമായി. 106 പന്തില്‍ ഒമ്ബതു ബൗണ്ടറിയുമായായി 52 റണ്‍സെടുത്താണ് കോഹ്ലി പുറത്തായത്.
ആദ്യ രണ്ട് മത്സരത്തിലും കനിയാതിരുന്ന ടോസിെന്റ ആനുകൂല്യമാണ് ഇക്കുറി കോഹ്ലിക്കാണ് കൈവന്നത്. പക്ഷേ, തിരക്കഥയില്‍ മാത്രം കാര്യമായ മാറ്റമൊന്നുമുണ്ടായില്ലെന്ന് മാത്രം. വെറും 13 റണ്സെടുക്കുേമ്ബാഴേക്കും ഒാപ്പണര്‍മാര്‍ രണ്ടുപേരും കട്ടയും പടവും മടക്കി ഡ്രസിങ് റൂമില്‍ മടങ്ങിയെത്തി. ഒരാള്‍ എട്ടിനാണെങ്കില് മറ്റേയാള്‍ വട്ടപ്പൂജ്യത്തിന്. 41 പന്ത് കടിച്ചുതൂങ്ങിനിന്ന മുരളി വിജയ് കഷ്ടപ്പെട്ട് എട്ട് റണ്‍ നേടിയെങ്കില്‍ അത്രയൊന്നും കഷ്ടപ്പാടില്ലാതെ 14 പന്തില്‍ അക്കൗണ്ട് തുറന്നുപോലും നോക്കാതെ ലോകേഷ് രാഹുല്‍ കളി മതിയാക്കി.













