ഇന്ത്യയില്‍ വായു മലിനീകരണം കാരണം അഞ്ച് വയസ്സില്‍ താഴെയുള്ള 1.25 ലക്ഷം കുട്ടികള്‍ 2016ല്‍ മാത്രം മരിച്ചതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്

ഡല്‍ഹി: ഇന്ത്യയില്‍ വായു മലിനീകരണം കാരണം അഞ്ച് വയസ്സില്‍ താഴെയുള്ള 1.25 ലക്ഷം കുട്ടികള്‍ 2016ല്‍ മാത്രം മരിച്ചതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. വായു മലിനീകരണവും ആരോഗ്യവും എന്ന വിഷയത്തില്‍ ആദ്യമായി ലോകാരോഗ്യ സംഘടന സംഘടിപ്പിക്കുന്ന ആഗോള കോണ്‍ഫറന്‍സില്‍ വച്ച റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്. വായുമലിനീകരണം കുട്ടികളുടെ തലച്ചോറിനേയും ഗുരുതരമായി ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍

കല്‍ക്കരി അടക്കമുള്ള ജൈവ ഇന്ധനം കത്തിക്കുന്നതിലൂടെയുണ്ടാകുന്ന മലിനീകരണം അഞ്ച് വയസ്സില്‍ താഴെയുള്ള 67,000 കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമായി. വാഹനങ്ങളുണ്ടാക്കുന്ന പുകയും അടക്കമുള്ള പൊതുഇടങ്ങളിലെ മലിനീകരണം 61,000 കുട്ടികളുടെ ജീവനെടുത്തു. ഇത് 2016 ലെ മാത്രം കണക്കാണ്. വീട്ടിനുള്ളിലും പുറത്തും ഏറക്കുറേ ഒരേ നിലയിലാണ് മലിനീകരണം കുട്ടികളുടെ ജീവനെ ബാധിക്കുന്നത്. നവജാതശിശുക്കള്‍ വീട്ടില്‍ പാകം ചെയ്യുമ്പോള്‍ കത്തിക്കുന്ന പുകയില്‍ നിന്നാണ് കൂടുതല്‍ വായുമലിനീകരണത്തിന് ഇരയാകുന്നത്.

കുഞ്ഞുങ്ങളുടെ ശ്വാസകോശവും, മറ്റ് അവയവങ്ങളും വളര്‍ച്ചയുടെ ഘട്ടത്തിലായതിനാല്‍ മുതിര്‍ന്നവരെക്കാള്‍ വേഗത്തില്‍ അവര്‍ ശ്വസിക്കുന്നു. അതിനാല്‍ തന്നെ കൂടുതല്‍ വായു ഉള്ളിലെത്തുന്നു, അതുവഴി മറ്റുള്ളവരെക്കാള്‍ കൂടുതല്‍ അവര്‍ മലിനീകരണത്തിന് ഇരയാകുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *