ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതി കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് കുറ്റപത്രം


കൊച്ചി: ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതി കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് കുറ്റപത്രം. ഉയര്‍ന്ന തസ്തിക സൃഷ്ടിച്ച് ക്രമവിരുദ്ധമായി രണ്ട് പേര്‍ക്ക് നിയമനം നല്‍കിയെന്നാണ് കേസ്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ടി.വി.ചന്ദ്രമോഹന്‍ അടക്കമുള്ളവരും പ്രതികളാണ്. നിയമനത്തില്‍ ക്രമക്കേടും അഴിമതിയും നടന്നതായി വിജിലന്‍സ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.


കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് ഇതിനെതിരെ പരാതി നല്‍കിയത്. ഏഴ് പേരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടിയിരിക്കുകയാണ് വിജിലന്‍സ്. ഭരണസമിതിയുടെ കാലത്ത് രഞ്ജിത്ത്, രാജു എന്നിവരെ ഉയര്‍ന്ന തസ്തിക സൃഷ്ടിച്ച് ഉയര്‍ന്ന ശമ്പളം നല്‍കിയെന്നാണ് കേസ്. നിയമനം നടത്തിയ കാലത്ത് ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി.


പുതിയ നിയമം അനുസരിച്ച് ദേവസ്വം ബോര്‍ഡ് ഭാരവാഹികളായിരുന്നവരെ പബ്ലിക് സെര്‍വന്റായി കണക്കാക്കും. അതിനാലാണ് വിജിലന്‍സ് പ്രോസിക്യൂഷന്‍ അനുമതി തേടിയിരിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചാലുടന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.



Sharing is Caring