ഇന്ത്യന്‍ ജൂനിയര്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വെങ്കിടേഷ് പ്രസാദ് രാജിവെച്ചു


ദില്ലി: ഇന്ത്യന്‍ ജൂനിയര്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വെങ്കിടേഷ് പ്രസാദ് രാജിവെച്ചു. ബിസിസിഐയോട് പിണങ്ങിയാണ് രാജിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അണ്ടര്‍ 19 വേള്‍ഡ് കപ്പില്‍ ഇന്ത്യ വിജയിച്ച്‌ ഒരുമാസം തികയുന്നതിനിടയിലാണ് മുന്‍ പേസര്‍ കൂടിയായ പ്രസാദിന്റെ രാജി.


കഴിഞ്ഞ 30 മാസങ്ങളായി ദേശീയ ജൂനിയര്‍ ടീം സെലക്ടറായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് പ്രസാദ്. അണ്ടര്‍ 19 ലോകകപ്പില്‍ ടീം ജയിച്ചിട്ടും മുഖ്യ സെലക്ടറായിരുന്ന പ്രസാദിന് പാരിതോഷികം നല്‍കിയിരുന്നില്ല. ‘മറ്റ് ക്രിക്കറ്റ് അസൈന്‍മെന്റുകള്‍ ഉള്ളതിനാല്‍ അദ്ദേഹം കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചു. എന്നാല്‍ എന്താണ് പുതിയ അസൈന്‍മെന്റെന്ന് അദ്ദേഹം രാജിയില്‍ വ്യക്തമാക്കിയിട്ടില്ല,’ ബിസിസിഐ പ്രസിഡന്റ് സികെ ഖന്ന പറഞ്ഞു.


എന്നാല്‍ ചില വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു പ്രസാദ് നല്‍കിയ വിശദീകരണം. അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടങ്ങാനിരിക്കെ ഏതെങ്കിലും ടീമിന്റെ ഭാഗമാകാനാണ് പ്രസാദിന്റെ നീക്കമെന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. 2016 ല്‍ സീനിയര്‍ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച പ്രസാദിനെ ബിസിസിഐ ജൂനിയര്‍ ടീമിന്റെ സെലക്ടറായി നിയമിക്കുകയായിരുന്നു.



Sharing is Caring