ഇന്തോ ചൈന അതിര്‍ത്തിയില്‍ 73 റോഡുകള്‍ നിര്‍മ്മിക്കും; അതില്‍ 27 എണ്ണം പൂര്‍ത്തിയായതായി കേന്ദ്ര സര്‍ക്കാര്‍


ചൈനാ ഇന്ത്യാ അതിര്‍ത്തിയില്‍ 27 റോഡുകളുടെ ജോലികള്‍ പൂര്‍ത്തിയായതായി കേന്ദ്ര സര്‍ക്കാര്‍. 73 റോഡുകള്‍ നിര്‍മ്മിക്കുന്നതിന് അനുമതി ലഭിച്ചതായും എന്‍ഡിഎ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അവശേഷിക്കുന്നവ 2022 ഡിസംബറോടെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ബഹ്മ്ര ലോക്‌സഭയെ അറിയിച്ചു.


വനം, വന്യജീവി, പരിസ്ഥിതി വകുപ്പുകളുടെ അനുമതി ലഭിക്കാത്തതാണ് റോഡുകളുടെ ജോലി വൈകാന്‍ പ്രധാനകാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്കൂടാതെ, ശക്തമായ പാറകള്‍, കാലാവസ്ഥ പ്രശ്‌നങ്ങള്‍, ഭൂമി അനുവദിക്കുന്നതിനുള്ള കാലതാമസം, പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ കാര്യങ്ങളും റോഡ് ജോലികള്‍ വൈകാന്‍ കാരണമായി കരുതുന്നു.


ഇന്ത്യ-ചൈന അതിര്‍ത്തിയിലൂടെ നിര്‍ണായകമായ നാല് റെയില്‍ലൈനുകള്‍ക്ക് അനുമതി ലഭിച്ചുവെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു. അതിര്‍ത്തിയിലെ എല്ലാ സംഭവങ്ങളും സര്‍ക്കാര്‍ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടെന്നും സഭയെ അറിയിച്ചു.
അതിര്‍ത്തിയിലെ സിക്കിം മേഖലയിലെ ദോക്ലായില്‍ ചൈനയുടെ റോഡ് നിര്‍മ്മാണം ഇന്ത്യ തടഞ്ഞതോടെ ഒരുമാസത്തിലധികമായി ഇരുരാജ്യത്തെ സൈന്യവും നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്.



Sharing is Caring