ഇത്തരം നേതാക്കളെ വെച്ച് ഇനിയും മുന്നോട്ട് പോവാന്‍ പറ്റുമോ എന്ന ചോദ്യം പ്രസക്തം, എനിക്കും നിയന്ത്രിക്കാന്‍ പറ്റിയില്ല; സുധാകരനെ പിന്തുണച്ച് മുല്ലപ്പള്ളി

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംഘടനാ തലത്തില്‍ അഴിച്ചു പണിവേണമെന്ന കെ സുധാകരന്‍ എംപിയുടെ പ്രസ്താവനയെ തള്ളാതെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പലയിടത്തും തെരഞ്ഞെടുപ്പ് ചുമതലയുള്ളവര്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചില്ലെന്ന ആക്ഷേപം തനിക്കുമുണ്ടെന്നും പ്രസക്തമായ കാര്യമാണ് സുധാകരന്‍ ചൂണ്ടിക്കാട്ടിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

‘പലയിടത്തും കമ്മിറ്റികള്‍ ദുര്‍ബലമായത് എനിക്കും ബോധ്യപ്പെട്ടിട്ടുണ്ട്. നേതൃത്വ സ്ഥാനത്തിരിക്കുന്ന ചില ആളുകളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യം അദ്ദേഹത്തെ പോലെ തന്നെ ഞാനും പങ്കുവെക്കുകയാണ്. തീര്‍ച്ചയായിട്ടും ഇക്കാര്യത്തെക്കുറിച്ച് ഒരു പുനര്‍വിചന്തനം ആവശ്യമുണ്ട്. ഇത്തരം നേതാക്കളെ വെച്ചുകൊണ്ട് ഇനിയും മുന്നോട്ട് പോവാന്‍ സാധിക്കുമോ എന്ന പ്രസക്തമായ ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്,’ മുല്ലപ്പള്ളി പറഞ്ഞു. മനോരമ ന്യൂസിനോടാണ് പ്രതികരണം. അന്വേഷണത്തിനായി പ്രത്യേക സമിതിയെ വെക്കില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കുറ്റമറ്റ രീതിയിലുള്ള പgനസംഘടനയായിരുന്നു ആഗ്രഹിച്ചിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ പറ്റിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ‘അര്‍ഹരായ കണ്ടെത്തണമെന്ന ആഗ്രഹം എനിക്കും ഉണ്ടായിരുന്നു. അത് കൊണ്ടാണല്ലോ കെപിസിസിയുടെ ഭാരവാഹിപട്ടിക ഒന്നര വര്‍ഷം നീണ്ടു പോവേണ്ടി വന്നത്. ഏറി വന്നാല്‍ 21 പേര്‍ അല്ലെങ്കില്‍ 25 പേര്‍ എന്നാണ് ഞാന്‍ പറഞ്ഞത്. അവസാനം ഞാന്‍ പറഞ്ഞു 40 ല്‍ അപ്പുറം പോവാന്‍ പാടില്ല. എനിക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത വിധത്തിലേക്ക് കാര്യങ്ങള്‍ പോവുകയുണ്ടായി. അവസാനം കമ്മിറ്റി ഇല്ല എന്നു പറഞ്ഞപ്പോഴാണ് ഞാന്‍ അംഗീകരിച്ചത്,’ കെപിസിസി പ്രസിഡന്റ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *