ഇടുക്കി ജലനിരപ്പ‌് 2397.70 അടി ; റെഡ‌് അലർട്ടിലേക്ക‌്

ഒരാഴ‌്ചയ്‌ക്കുശേഷം കാലവർഷം കനത്തതോടെ സംസ്ഥാനത്തെങ്ങും ജനജീവിതം വീണ്ടും ദുരിതത്തിലായി. ചൊവ്വാഴാഴ‌്ച രാത്രിമുതൽ വടക്കൻ കേരളത്തിലും മധ്യകേരളത്തിലും കനത്തമഴയാണ‌്. ജലാശയങ്ങളിൽ ജലനിരപ്പ‌് വീണ്ടും ഉയർന്നുതുടങ്ങി. കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ ശക്തിയാർജിക്കുന്നതും, കുട്ടനാട്ടിലെ വെള്ളപ്പൊക്ക മേഖലകളിൽനിന്നും വെള്ളം പൂർണമായി ഇറങ്ങാത്തതും ആശങ്കയ്‌ക്ക‌് കാരണമായി.

അഞ്ചുവർഷത്തെ ഇടവേളയ‌്ക്കുശേഷം ഇടമലയാർ ഡാം തുറക്കുന്നു. ഡാമിലെ ജലനിരപ്പ‌് 168.20 മീറ്റർ കടന്ന സാഹചര്യത്തിൽ റെഡ‌് അലർട്ട‌് പ്രഖ്യാപിച്ചു. വ്യാഴാഴ‌്ച രാവിലെ ആറിന‌് ഡാമിന്റെ ഒരു ഷട്ടർ രണ്ടടി ഉയർത്തും. പെരിയാറിലെ ജലനിരപ്പ‌് ഒന്നര മീറ്ററോളം ഉയർന്നേക്കുമെന്ന‌് ദുരന്ത നിവാരണ സമിതി അറിയിച്ചു. ഇടുക്കി സംഭരണിയിലെ ജലനിരപ്പ‌് 2397.31 പിന്നിട്ടതോടെ റെഡ‌് അലർട്ട‌് പ്രഖ്യാപിക്കാനാണ‌് വൈദ്യുതിബോർഡ‌് ഒരുങ്ങുന്നത‌്. 2398 പിന്നിട്ടാൽ ചെറുതോണി ഷട്ടർ തുറന്ന‌് ട്രയൽറൺ നടത്തും. മഴ തുടരുകയാണെങ്കിൽ ഇത‌് ഉടൻ തന്നെയുണ്ടാവും. സംഭരണി തുറക്കുന്നതിന‌് 24 മണിക്കൂർമുമ്പ‌് പെരിയാറിന്റെ തീരത്ത‌് താമസിക്കുന്നവർക്ക‌് മുന്നറിയിപ്പ‌് നൽകും.

പദ്ധതിപ്രദേശത്ത‌് രണ്ടാമത്തെ ഏറ്റവും ഉയർന്ന തോതിലുള്ള മഴയാണ‌് ബുധനാഴ‌്ച ലഭിച്ചത‌്. ആഗസ‌്ത‌് മൂന്നിന‌്ശേഷം മഴ കുറഞ്ഞതിനാൽ ജലനിരപ്പിൽ നേരിയ കുറവുണ്ടായി. 2396.38 അടിവരെ എത്തിയ ജലനിരപ്പ‌് രണ്ട‌് ദിവസമായി അധികം കൂടുകയോ കുറയുകയോ ചെയ‌്തില്ല. ശനിയാഴ‌്ച മുതൽ തിങ്കളാഴ‌്ചവരെ നേരിയ തോതിൽ കുറഞ്ഞു തുടങ്ങി. ഇതോടെ വൈദ്യുതോൽപാദനത്തിലും കുറവുവരുത്തി. എന്നാൽ ചൊവ്വാഴ‌്ച മുതൽ മഴ കനത്തതിനാൽ ജലനിരപ്പ‌് ക്രമേണ ഉയരാൻ തുടങ്ങി. 2398 അടിയായാൽ അണക്കെട്ട് തുറക്കണമെന്നതാണ‌് സർക്കാർ തീരുമാനം. ചെറുതോണി ഷട്ടർ തുറക്കാനുള്ള ക്രമീകരണങ്ങളെല്ലാം നേരത്തെതന്നെ പൂർത്തിയാക്കി. മൂലമറ്റത്ത‌് വൈദ്യുതോൽപാദനം 13.568 ദശലക്ഷം യൂണിറ്റാണ‌്.
മൂലമറ്റത്തെ ഉൽപാദനശേഷം പുറത്തേക്ക‌് പോകുന്ന ജലംകൊണ്ട‌് പ്രവർത്തിക്കുന്ന മലങ്കര ഡാമിലെ ഷട്ടർ തുറന്നിട്ടുണ്ട‌്. ഇടുക്കി പദ്ധതിയിലേക്ക‌് എത്തുന്ന പെരിയാർ, ഇരട്ടയാർ, കല്ലാർ, കട്ടപ്പനയാർ, അഴുതയാർ, കുട്ടിയാർ തുടങ്ങിയവയെല്ലാം നിറഞ്ഞൊഴുകുകയാണ‌്

Spread the love

Leave a Reply

Your email address will not be published. Required fields are marked *