ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2398.68 അടി; പ്രദേശത്ത് മഴ കുറഞ്ഞു


ഇടുക്കി അണക്കെട്ടില്‍ ജനലനിരപ്പ് കുറയുന്നു. മഴ കുറഞ്ഞതിനേത്തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് 2398.68 അടിയായി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഒരു മീറ്റര്‍ വീതം തുറന്നത്. അന്നു മുതല്‍ സെക്കന്‍ഡില്‍ 7,50,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. മണിക്കൂറില്‍ 4,08,000 ലീറ്റര്‍ വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.


ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തില്‍ അണക്കെട്ടില്‍ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാന്‍ ആലോചനയുണ്ട്.ട്രയല്‍ റണ്ണിന്റെ ഭാഗമായി വ്യാഴാഴ്ച ഉച്ചയ്യ്ക്കാണ് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നിരുന്നത്. ട്രയല്‍ റണ്‍ നടത്തിയിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തില്‍ വെള്ളിയാഴ്ച രാവിലെ ഏഴിന് രണ്ട് ഷട്ടറുകളും ഉച്ചയ്ക്ക് ഒരു മണിക്ക് ഒരു ഷട്ടറും രണ്ടോടെ അവസാനത്തെ ഷട്ടറും തുറക്കുകയായിരുന്നു.


ഡാമിന്റെ എല്ലാം ഷട്ടറുകളും തുറന്നതോടെ ചെറുതോണി പാലം വെള്ളത്തിനടിയിലായി. ചെറുതോണി ടൗണിലും ബസ്റ്റാന്‍ഡിലും വെള്ളം കയറി. ചെറുതോണി വഴി കട്ടപ്പനയിലേക്കുള്ള ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.



Sharing is Caring