ഇടതു സര്‍ക്കാര്‍ സംസ്ഥാനത്തെ മദ്യാലയമാക്കുന്നു: ചെന്നിത്തല

സുപ്രീം കോടതി ഉത്തരവിന്റെ മറപിടിച്ച് സംസ്ഥാനത്ത് മദ്യമൊഴുക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്ത് പുതുതായി 466 മദ്യശാലകള്‍ കൂടി തുറക്കുന്നതോടെ സംസ്ഥാനം മദ്യാലയമായി മാറും. മദ്യശാലകള്‍ക്കുള്ള പാതയോര നിരോധനം മുന്‍സിപ്പാലിറ്റി പരിധിയില്‍ ബാധകമല്ലെന്ന സുപ്രീംകോടതിയുടെ വിശദീകരണം സൗകര്യമായി എടുത്ത് സര്‍ക്കാര്‍ തങ്ങളുടെ അജണ്ട നടപ്പാക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

യു.ഡി.എഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയവ മാത്രമല്ല, ഇപ്പോള്‍ പുതുതായി അപേക്ഷ നല്‍കിയവയ്ക്കും അനുമതി നല്‍കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് മദ്യമുതലാളിമാരുമായി ഇടതു മുന്നണി ഉണ്ടാക്കിയ രഹസ്യധാരണ അനുസരിച്ചാണ് മദ്യശാലകള്‍ തുറക്കുന്നത്. അധികാരത്തിലെത്തിയാല്‍ മദ്യശാലകള്‍ തുറന്ന് കൊടുക്കുമെന്ന ഇടതു മുന്നണിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ മദ്യലോബി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കാലത്ത് പണമൊഴുക്കുകയും ചെയ്തു. സര്‍ക്കാര്‍ ലക്കുംലഗാനുമില്ലാതെ ബാറുകള്‍ തുറക്കുന്നത് സംസ്ഥാനത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. യു.ഡി.എഫ് ബാറുകള്‍ അടച്ചു പൂട്ടിയതോടെ മദ്യഉപഭോഗത്തില്‍ സംസ്ഥാനത്ത് പ്രകടമായ കുറവുണ്ടായിരുന്നു. അപകടങ്ങളും കുറ്റകൃത്യങ്ങളും ഗാര്‍ഹിക പീഡനക്കേസുകളും കുറഞ്ഞു.

മാത്രമല്ല മദ്യപാന ശീലമുള്ളവര്‍ തന്നെ താരതമ്യേന വീര്യം കുറഞ്ഞ വൈനിലേക്കും ബീയറിലേക്കും മാറിത്തുടങ്ങുകയും പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടുകയും ചെയ്തിരുന്നു. അപ്പോഴാണ് ഇടതു സര്‍ക്കാര്‍ വീണ്ടും ബാറുകള്‍ തുറക്കുന്നത്. ഇത് സംസ്ഥാനത്തെ നാശത്തിലേക്ക് നയിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *