ആശ്രമ കണക്കും സ്വകാര്യ ജിവിതവുമുള്ള ഹണിപ്രീതിന്റെ രണ്ട് ഡയറികള്‍ കണ്ടെടുത്തു

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ അനുയായി ഹണിപ്രീത് ഇന്‍സാന്റെ സ്വകാര്യ ഡയറികള്‍ പൊലീസ് കണ്ടെതുത്തു. ആശ്രമം സംബന്ധിച്ച വരവുചിലവു കണക്കുകളാണ് ഒരു ഡയറിയില്‍ കുറിച്ചിരുന്നത്. ആശ്രമത്തിന് ലഭിച്ച ഉപഹാരങ്ങള്‍, സംഭാവനകള്‍, മറ്റ് വരുമാനം എന്നിവയും ഓരോ പരിപാടികള്‍ക്കും ചെലവഴിച്ച തുകയും ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു.
പഞ്ച്കുളയില്‍ നടന്ന കലാപത്തിന് ചെലവഴിച്ച തുകയുടെ കണക്കുകള്‍ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്. അക്രമം വ്യാപിപ്പിക്കാനായി അഞ്ചുകോടിയോളം രൂപ ഹണിപ്രീത് ചെലവാക്കിയിട്ടുണ്ടെന്നാണ് നേരത്തെ പൊലീസിന് ലഭിച്ചിട്ടുള്ള സൂചന. ഹണിപ്രീതിന്റെ നിര്‍ദ്ദേശപ്രാകരം ദേര സച്ചയുടെ പഞ്ച്കുള ശാഖയുടെ തലവനായ ചാംകൗര്‍ സിംഗാണ് കോടികള്‍ എറിഞ്ഞ് കലാപത്തിനു നേതൃത്വം നല്‍കിയത്.

ആശ്രമത്തിന് സാമ്ബത്തിക സഹായ നല്‍കിയിരുന്ന വിദേശത്ത് താമസിക്കുന്നവരും അല്ലാത്തവരുമായ ഇന്ത്യക്കാരുടെ പേരുവിവരങ്ങളും ഡയറിയിലുണ്ട്. ദേരാ ആശ്രമത്തിന്റെ വരവു ചെലവ് കണക്കുകള്‍ സൂക്ഷിച്ചിട്ടുള്ള ഡയറിയുടെ പകര്‍പ്പ് പൊലീസ് ആദായനികുതി വകുപ്പിന് കൈമാറി.

കണ്ടെടുത്ത ഡയറികളില്‍ രണ്ടാമത്തേത് ഹണിപ്രീത് സ്വകാര്യ ജീവിതത്തെക്കുറിച്ച് എഴുതിയതായിരുന്നു. കൗമാരകാലത്തെക്കുറിച്ചും പിന്നീടുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ ഡയറിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദി സിനിമയിലെ ഇഷ്ട താരങ്ങളെക്കുറിച്ച് എഴുതുകയും ഡയറിയില്‍ അവരുടെ ചിത്രങ്ങള്‍ ഒട്ടിക്കുകയും ചെയ്തിട്ടുണ്ട്. പ്രണയം, വഞ്ചന എന്നിവയെക്കുറിച്ച് വരികളും ഡയറിയിലുണ്ട്. ദേരാ സച്ചാ തലവന്‍ ഗുര്‍മീതുമായുള്ള പരിചയവും അടുപ്പവുമെല്ലാം വ്യക്തമായി എഴുതിയിട്ടുണ്ട്. ഡയരിയിലെഴുതിയ ഒരു ഗാനം ഗുര്‍മീതിനു വേണ്ടി സമര്‍പ്പിച്ചതായും കണ്ടെത്തി.

ദേരാ ആശ്രമത്തില്‍ നടത്തിയ പരിശോധനയിലാണ് പൊലീസ് ഹണിപ്രീതിന്റെ ഡയറികള്‍ കണ്ടെടുത്തത്. ഡയറിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നത് കേസ് അന്വേഷണത്തെ സഹായിക്കുമെന്ന വിശ്വാസത്തിലാണ് പൊലീസ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *