ആശങ്ക ഉയര്‍ത്തി രാജ്യത്തെ വന്‍ നഗരങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന, ഇന്ന് സര്‍വകക്ഷി യോഗം

കോവിഡ് ബാധ നിയന്ത്രിക്കാനാകാതെ രാജ്യത്തെ വന്‍ നഗരങ്ങള്‍. ഡല്‍ഹി, മുുംബൈ, ചെന്നൈ നഗരങ്ങളിലാണ് രോഗ ബാധിതരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നത്. രോഗബാധ മൂലം കൂടുതല്‍ ആളുകള്‍ മരിക്കുന്നതും ഈ നഗരങ്ങളിലാണ്. ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ രൂക്ഷമായതോടെ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചു.

ആരോഗ്യ പ്രവര്‍ത്തകരിലും ജനങ്ങളിലും വലിയ ആശങ്ക ഉണ്ടാക്കിയാണ് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു. ഇവിടെ ഇന്നലെ 3390 പേര്‍ക്കാണ് ഇന്നലെ പുതുതായി രോഗം ബാധിച്ചത്. ആകെ 1,07 958 കോവിഡ് രോഗികളാണ് മഹാരാഷ്ട്രയിലുള്ളത്. സംസ്ഥാനത്ത് 3950 പേര്‍ ഇതിനകം മരിച്ചു. ഇതില്‍ ഏറ്റവും കുടുതല്‍ രോഗികളും മരണവും നടന്നത് മുംബൈയിലാണ്. മുംബൈയില്‍ മാത്രം ഇന്നലെ 1388 പേര്‍ക്കാണ് പുതുതായി രോഗം ഉണ്ടെന്ന് കണ്ടെത്തിയത്. നഗരത്തിലെ രോഗ ബാധിതരുടെ എണ്ണം 58135 ആയി. ഇന്നലെ മാത്രം 79 പേരാണ് മുംബൈയില്‍ കോവിഡ് 19 ബാധിച്ച്‌ മരിച്ചത്. ഇവിടെ ആകെ മരിച്ചവരുടെ എണ്ണം 2190 പേരായി.

രോഗികളുടെ എണ്ണം കൂടുമ്ബോഴും മുംബൈയില്‍ ട്രെയില്‍ സര്‍വീസുകള്‍ ഇന്ന് പുനഃരാരംഭിക്കും. അവശ്യ സര്‍വീസ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടിയാണ് ലോക്കല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുകയെന്ന് പശ്ചിമ റെയില്‍വെ അറിയിച്ചു. രാവിലെ 5.30 മുതല്‍ 11.30 വരെ ട്രെയിനുകള്‍ സര്‍വീസുകള്‍ നടത്തും. കൃത്യമായ നിബന്ധനകള്‍ പാലിച്ചാണ് യാത്രക്കാര്‍ക്ക് ട്രെയിനുകളില്‍ യാത്ര നടത്താന്‍ കഴിയുക.

ചെന്നൈയാണ് രോഗബാധിതരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്ന മറ്റൊരു പ്രധാന നഗരം. തമിഴ്‌നാട്ടില്‍ ഇന്നലെ ആകെ 38 പേരാണ് മരിച്ചത്. ഇവരില്‍ 31 പേരും ചെന്നൈയിലാണ്. സംസ്ഥാനത്ത് ആകെ 44661 രോഗികളാണുള്ളത്. ഇതില്‍ 31896 പേരും ചെന്നൈയിലാണ്. ചെന്നൈയില്‍ മാത്രം മരിച്ചവരുടെ എണ്ണം 435 ആയി.

ഡല്‍ഹിയാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുന്ന മറ്റൊരു പ്രദേശം. കഴിഞ്ഞ 24 മണിക്കൂറില്‍ 56 പേരാണ് ഡല്‍ഹിയില്‍ മരിച്ചത്. പുതുതായി 2224 പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ ഡല്‍ഹിയിലെ ആകെ രോഗികളുടെ എണ്ണം 41,182 ആയി. 1327 പേരാണ് ഇതിനകം രോഗത്തിന് കീഴടങ്ങിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഡല്‍ഹിയില്‍ പുതുതായി രോഗികളാകുന്നവരുടെ എണ്ണം 2000 ത്തിനുമുകളിലാണ്.

ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ വഷളായതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ മുഖ്യമന്ത്രി അരവിന്ദ കേജ്‌റിവാള്‍, ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. സംസ്ഥാനം കോവിഡിനെ കൈകാര്യം ചെയ്യുന്നതിനെ കഴിഞ്ഞ ദിവസം സുപ്രിം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് 500 റെയില്‍വെ കോച്ചുകള്‍ അനുവദിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഓക്‌സിജന്‍ സിലിണ്ടറുള്‍ ടെസ്റ്റ് കിറ്റുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവ കേന്ദ്രം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് അമിത് ഷാ സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

അടുത്ത രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ കോവിഡ് ടെസ്റ്റ് ഇരട്ടിയാക്കാനും ആറ് ദിവസത്തിനുളളില്‍ മൂന്നിരട്ടിയാക്കാനും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *