ആശങ്കയൊഴിയാതെ ഇന്തോനേഷ്യ; വീണ്ടും സുനാമിക്ക് സാധ്യത, 281 മരണം, ആയിരത്തിലധികം പേര്‍ക്ക് പരുക്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ മരണസംഖ്യ 281 ആയി. ആയിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റതായും നിരവധി പേരെ കാണാതായതായും ദുരന്ത നിവാരണ സേന അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍

ശനിയാഴ്ച പ്രദേശിക സമയം രാത്രി 9.30ഓടെയാണ് ഇന്തോനേഷ്യയില്‍ സുനാമി ഉണ്ടായത്. തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളിലാണ് സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്. നൂറു കണക്കിന് കെട്ടിടങ്ങളാണ് നിലം പതിച്ചത്. 65 അടിയോളം ഉയരത്തിലാണ് തിരയടിച്ചത്. ബാന്റണ്‍ പ്രാവിശ്യയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. വൈദ്യുതി ബന്ധവും തകരാറിലായി.

അനക് ക്രാക്കത്തുവ എന്ന അഗ്നിപര്‍വ്വതത്തിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് കടലിനടിയിലുണ്ടായ മാറ്റങ്ങളും മണ്ണിടിച്ചിലുമാണ് സുനാമിക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനമുണ്ടായി 24 മിനിറ്റിന് ശേഷമാണ് സുനാമിയുണ്ടായത്. അതേസമയം അനക് ക്രാക്കത്തുവ അഗ്നിപര്‍വ്വത്തില്‍ നിന്നും ഞായറാഴ്ച അന്തരീക്ഷത്തിലേക്ക് പുകയും ചാരവും വലിയ രീതിയില്‍ പുറത്തേക്ക് വന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതോടെ വീണ്ടും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്തോനേഷ്യയിലെ സുലേവാസി ദ്വീപിലുണ്ടായ ഭൂചലനത്തിലും മണ്ണിടിച്ചിലിലും ആയിരത്തില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഭൂചലനവും സുനാമിയും നിരന്തരം നാശം വിതയ്ക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *