ആളൊഴിഞ്ഞ മൈതാനത്തെ അഭിസംബോധന ചെയ്ത് കുമ്മനം രാജശേഖരന്‍

ഐസ്വാള്‍: രാജ്യം എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്ബോള്‍ ആളൊഴിഞ്ഞ മൈതാനത്തെ അഭിസംബോധന ചെയ്ത് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. പൗരത്വ ബില്ലിനെ ചൊല്ലി സംസ്ഥാനം പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ പരിപാടി ബഹിഷ്‌കരിച്ചതോടൊണ് ഗവര്‍ണര്‍ക്ക് ആളൊഴിഞ്ഞ മൈതാനത്തിന് മുന്നില്‍ പ്രസംഗിക്കേണ്ടി വന്നത്. എന്‍ജിഒ കോര്‍ഡിനേഷന്‍ കമ്മിറ്റിയും, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും, പൊതുജനങ്ങളും ചേര്‍ന്നാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം നല്‍കിയത്.

ജനപ്രതിനിധികളും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമല്ലാതെ പൊതു ജനങ്ങള്‍ ആരും തന്നെ പരിപാടിയില്‍ പങ്കെടുത്തില്ല. പരിപാടി സംഘടിപ്പിച്ചിരുന്നിടത്ത് പ്ലക്കാര്‍ഡുകളുമായി ജനങ്ങള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയെങ്കിലും റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ സമാധാനപൂര്‍ണമായി തന്നെ നടന്നു. അതേസമയം സംസ്ഥാന അതിര്‍ത്തികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി കര്‍ശന നടപടികള്‍ തന്നെ കൈക്കൊള്ളുമെന്ന് കുമ്മനം രാജശേഖരന്‍ തന്റെ റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ പറഞ്ഞു. അതിര്‍ത്തികളില്‍ താമസിക്കുന്ന ആളുകളുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘നമ്മുടെ ഭരണഘടനാ ചട്ടക്കൂടിനുള്ളില്‍ ഇന്ത്യയിലും ലോകത്താകമാനത്തിലുമുള്ള എല്ലാ മിസോ ജനതയുടെയും ഐക്യം, സാഹോദര്യം എന്നിവയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഈ സര്‍ക്കാര്‍ ശ്രമിക്കും. സാമൂഹിക-സാമ്ബത്തിക പരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള സമഗ്ര പുരോഗമന പരിപാടികള്‍ മിസോറാം അവതരിപ്പിക്കും’-അദ്ദേഹം പറഞ്ഞു. മിസോ ഐഡന്റിറ്റിയും പാരമ്ബര്യ മൂല്യങ്ങളും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സാധാരണ മുപ്പതോളം സായുധ സൈനിക വിഭാഗങ്ങളാണ് റിപ്പബ്ലിക് ദിന പരേഡിയില്‍ പങ്കെടുക്കാറുള്ളതെന്നും എന്നാല്‍ ഇത്തവണ അത് ആറായി ചുരുങ്ങിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. മറ്റുള്ള ജില്ലാ ആസ്ഥാനങ്ങളില്‍ ഉദ്യോഗസ്ഥരുടേയും ജനങ്ങളുടേയും അസാന്നിധ്യത്തിലാണ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *