ആലുവയില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ നാല് പൊലീസുകാര്‍ക്കെതിരെ കേസ്

ആലുവ: ബൈക്കില്‍ കാറിടുപ്പിച്ചത് ചോദ്യം ചെയ്ത യുവാവിനെ തല്ലിച്ചതച്ച നാലു പോലീസുകാര്‍ക്കെതിരേ കേസ്. പോലീസുകാര്‍ക്കെതിരേ നടപടിക്ക് ഡിവൈഎസ്പി യുടെ ശുപാര്‍ശ. യുവാവിനെതിരേയും കേസെടുത്തിട്ടുണ്ട്്. കടുത്ത മര്‍ദ്ദനം അടക്കമുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പോലീസിന്റെ മര്‍ദ്ദനമേറ്റ യുവാവിന്റെ പരിക്ക് ഗുരുതരമാണെന്നും കവിളെല്ലിന് പരിക്കേറ്റതായും കണ്ടെത്തി. യുവാവിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ പോലീസിനെതിരേ നാട്ടുകാരുടെ വന്‍ പ്രതിഷേധമാണ് നടന്നത്.

ഇന്നലെ രാത്രി കുഞ്ചാട്ടുകരയില്‍ വെച്ച്‌ മഫ്ത്തിയിലായിരുന്ന പോലീസുകാര്‍ സഞ്ചരിച്ച സ്വകാര്യകാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. യുവാവിന് അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പോലീസിന്റെ കാര്‍ ബൈക്കില്‍ ഇടിച്ചത് ചോദ്യം ചെയ്ത കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാന്‍ (39) ആണ് മര്‍ദ്ദനമേറ്റത്. ഇന്നലെ കുഞ്ചാട്ടുകരയില്‍ നടന്ന സംഭവത്തില്‍ നോമ്ബുതുറക്കാന്‍ പള്ളിയിലേക്ക് പോകുമ്ബോള്‍ വൈകിട്ട് അഞ്ചരയോടെയായിരുന്നു വാഹനങ്ങള്‍ ഇടിച്ചത്. എടത്തല ഗവണ്‍മെന്റ് സ്‌കൂള്‍ഗേറ്റിന് മുന്നില്‍ വെച്ച്‌ മഫ്ത്തിയില്‍ ആയിരുന്ന പോലീസുകാര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യവാഹനം ഉസ്മാന്‍ ഓടിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. കാറില്‍ പോലീസുകാരാണെന്ന് മനസ്സിലാകാതിരുന്ന ഉസ്മാന്‍ ഇതിനെ ചോദ്യം ചെയ്യുകയും വാക്കുതര്‍ക്കം രൂക്ഷമാകുകയും ചെയ്തു. തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ ഉസ്മാനെ ഗുരുതരമായി മര്‍ദ്ദിക്കുകയും കാറില്‍ കയറ്റി കൊണ്ടുപോകുകയുമായിരുന്നു.

സംഭവത്തില്‍ പോലീസുകാര്‍ക്കെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ട് നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശക്തമായി പ്രതിഷേധിച്ചു. എടക്കര പോലീസ് സ്‌റ്റേഷനിലേക്ക് വിവിധ സംഘടനകള്‍ മാര്‍ച്ചു നടത്തി. ഉസ്മാനെ സ്ഥലത്തു വെച്ചും പോലീസ് സ്‌റ്റേഷനില്‍ വെച്ചും മര്‍ദ്ദിച്ചതായി നാട്ടുകാര്‍ ആരോപിച്ചു. ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റമാണ് യുവാവിനെതിരേ ചുമത്തിയിരിക്കുന്നത്. ഉസ്മാന്റെ ശരീരത്ത് അടിയേറ്റ പാടുണ്ടായിരുന്നു. ഒരു പോക്‌സോ കേസ് പ്രതിയെ പിടിക്കാനാണ് മഫ്ത്തിയില്‍ കുഞ്ചാട്ടുകരയിലേക്ക് പോയതെന്നാണ് പോലീസ് പറയുന്നത്. പ്രതിയുമായി വരുമ്ബോള്‍ ബൈക്കില്‍ കാര്‍ മുട്ടിയതിന് ഉസ്മാന്‍ ബഹളം വെച്ചെന്നും പോലീസുകാര്‍ പറഞ്ഞു.

പോലീസ് സ്‌റ്റേഷനില്‍ വെച്ച്‌ ഉസ്മാനെ കാണണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്ന് വന്നവര്‍ പ്രതിഷേധിക്കുകയും പോലീസുമായി വലിയ വാക്കുതര്‍ക്കം നടക്കുകയും ചെയ്തതോടെ പോലീസ് ഉസ്മാനെ മുകളിലത്തെ നിലയിലേക്ക് മാറ്റി. പിന്നീട് ഉസ്മാനെ ജില്ലാ ആശുപത്രിയില്‍ ഡോക്ടറെ കാണിച്ച ശേഷം തിരിച്ചു കൊണ്ടുവരുമ്ബോള്‍ നാട്ടുകാരുടെ പ്രതിഷേധം പോലീസുമായി ഉന്തും തള്ളലായി മാറി. ഇതോടെ ഉസ്മാനെ ആശുപത്രിയില്‍ ചികിത്സയ്ക്കായി കിടത്തുകയും പിന്നീട് എക്‌സ്‌റേ സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കൈകൊണ്ടുള്ള മര്‍ദ്ദനമായിരുന്നു നടന്നതെന്ന് പോലീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *