ആലപ്പാട് ഖനനം; കളക്ടറോട് റിപ്പോര്‍ട്ട് തേടി ദേശീയ ഹരിത ട്രിബ്യൂണല്‍

ദില്ലി: ആലപ്പാട് കരിമണല്‍ ഖനനത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി ദേശീയ ഹരിത ട്രിബ്യൂണല്‍. കരിമണല്‍ ഖനനത്തിനെതിരെ 17 വയസുകാരി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു. ഇത് സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.

ആലപ്പാട് നടക്കുന്ന ഖനനത്തിന്‍റെ വിശദമായ വിവരങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ഉള്‍പ്പെടുത്തിയാകണം ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കേണ്ടത്. ജസ്റ്റിസ് എ കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അതേസമയം, ആലപ്പാട് തീരത്തെ കരിമണല്‍ ഖനനം നിര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്നലെ സര്‍ക്കാരിന് ഹൈക്കോടതിയും നോട്ടീസ് അയച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ പഠന റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതുവരെ ഖനനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ആലപ്പാട് സ്വദേശി കെ എം ഹുസൈനാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ അടുത്തയാഴ്ച വീണ്ടും വാദം കേള്‍ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *