ആറന്മുള വിമാനത്താവളപദ്ധതി പ്രദേശത്തു തന്നെ മുഖ്യമന്ത്രി നെല്‍ വിത്ത് വിതയ്ക്കുമെന്നു കൃഷിമന്ത്രി

ആരൊക്കെ അട്ടിമറിക്കാന്‍ ശ്രമിച്ചാലും ആറന്മുള വിമാനത്താവള പദ്ധതിപ്രദേശമുള്‍പ്പെടുന്ന പാടശേഖര പ്രദേശത്തു തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നെല്‍ വിത്ത് വിതയ്ക്കുമെന്നു കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍. സഹകരണ എന്‍ജിനീയറിങ് കോളജിന്‍റെ ഗ്രൗണ്ടിലാണ് നാളെ ചടങ്ങു നടക്കുക. അവിടെ തന്നെ മുഖ്യമന്ത്രി വിത്ത് വിതയ്ക്കും. ആ സ്ഥലം ആരോടു ചോദിച്ചിട്ടാണ് കോളജ് ഗ്രൗണ്ട് ആക്കിയതെന്നു തനിക്കറിയില്ല. രേഖകളില്‍ ആ സ്ഥലം നിലവില്‍ നെല്‍വയല്‍ തന്നെയാണെന്ന് മന്ത്രി മംഗളത്തോട് പറഞ്ഞു.
ആറന്മുള പ്രദേശത്തു കൃഷി ഇറക്കാന്‍ തടസം കൃഷിയോടു താല്‍പ്പര്യമില്ലാത്ത വിരലിലെണ്ണാവുന്ന ഭൂമാഫിയയാണ്. പ്രദേശം നികത്തി വില്‍ക്കാനുള്ള ഭൂമാഫിയയുടെ ശ്രമങ്ങള്‍ സര്‍ക്കാരിന് അനുവദിക്കാനാകില്ല.

നാളെ വിത്ത് വിതയ്ക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ഗ്രൗണ്ടാക്കാന്‍ ആര്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുമില്ല. തൊട്ടടുത്ത വയലുകളിലെല്ലാം വ്യക്തികള്‍തന്നെയാണ് പരന്പരാഗതമായി നെല്‍കൃഷി നടത്തി വന്നിരുന്നത്. ചടങ്ങു നടക്കുക ഗ്രൗണ്ടിലല്ല, നെല്‍വയലില്‍ തന്നെയാകും-സുനില്‍ കുമാര്‍ പറഞ്ഞു. വിത്തു വിതയ്ക്കുന്ന സ്ഥലത്തിനു തൊട്ടടുത്തുള്ള വിമാനത്താവള പദ്ധതി പ്രദേശത്തെ സ്ഥലവും കൃഷിയിറക്കാനായി കിളച്ചു നിലമൊരുക്കിയിട്ടുണ്ടെന്നു സ്ഥലം എം.എല്‍.എ. വീണാ ജോര്‍ജ് ഉറപ്പാക്കിയിട്ടുണ്ടെന്നും കൃഷിമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *