ആയൂർ കമ്പംകോട്ട് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേര്‍ മരിച്ചു

കൊല്ലം: ആയൂർ കമ്പംകോട്ട് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വെഞ്ഞാറമൂട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം ഇൻഫോസിസ്, ടെക്നോപാർക്ക് ജീവനക്കാരും കൂട്ടുകാരുമാണ് മരിച്ച മൂവരും. പെരുമ്പാവൂർ കുറുപ്പംപടി കൊച്ചിക്കൽ ഹൗസിൽ കെ.പി. വർക്കി- സി.പി. മേരി ദമ്പതികളുടെ മകൾ രമ്യ.കെ.പി (26), പത്തനംതിട്ട സ്വദേശികളായ ലിൻസ് തോമസ് (26), ജോൺ സാമുവലിന്റെ മകൻ റോമി ജോർജ് വർഗീസ് (26) എന്നിവരാണ് മരിച്ചത്. ഇതിൽ രമ്യയെ ഇന്നലെ തന്നെ തിരിച്ചറിഞ്ഞിരുന്നു. മറ്റുള്ളവരെ ഇന്നാണ് തിരിച്ചറിഞ്ഞത്.

രമ്യയും ലിന്‍‌സ് തോമസും തിരുവനന്തപുരം ഇൻഫോസിസിലെ ഉദ്യോഗസ്ഥരാണ്. റോമി ടെക്നോപാർക്കിലെ യുഎസ്‌ടി ഗ്ലോബൽ കമ്പനിയിലെ ഉദ്യോഗസ്ഥനും. മൂന്ന് പേരുടെയും മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ഇന്നലെ വൈകിട്ട് 6.45ന് ആയൂർ കമ്പംകോട് പാലത്തിന് സമീപത്താണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്നും അങ്കമാലിക്ക് പോവുകയായിരുന്നു സൂപ്പർ ഫാസ്റ്റ് ബസിന്റെ വശത്തേക്ക് പുനലൂരിൽ നിന്നും ആറ്റിങ്ങലേക്ക് പോവുകയായിരുന്ന ജനത എന്ന സ്വകാര്യ ബസ് ഇടിച്ചുകയറുകയായിരുന്നു. ഇരു ബസുകളിലും നിറയെ യാത്രക്കാരുണ്ടായിരുന്നു.

വെള്ളിയാഴ്ചകളിൽ ഇൻഫോസിസിലേയും ടെക്നോപാർക്കിലെയും ജീവനക്കാർക്ക് സൗകര്യപ്രദമാകുന്ന രീതിയിൽ സ്പെഷ്യൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *