ആഭ്യന്തര വിഷയങ്ങളിൽ വിദേശ ഇടപെടൽ വേണ്ട; കർഷക പ്രക്ഷോഭത്തിൽ പി.ടി ഉഷ

രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ ആരും ഇടപെടേണ്ടെന്നും അതു പരിഹരിക്കാൻ ഇന്ത്യയ്ക്ക് അറിയാമെന്നും അത്‌ലറ്റ് പി.ടി ഉഷ. കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ കേന്ദ്രസർക്കാർ പ്രതിരോധത്തിൽ നിൽക്കുന്ന വേളയിലാണ് ഉഷയുടെ ട്വിറ്റർ കുറിപ്പ്.

‘ഞങ്ങളുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ജനാധിപത്യ മാതൃകയിലും അഭിമാനിക്കുന്നു. ഞങ്ങളുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടരുത്. പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത് എങ്ങനെയെന്ന് ഞങ്ങൾക്കറിയാം. കാരണം നാനാത്വത്തിൽ ഏകത്വം മുറുകെപ്പിടിക്കുന്ന ലോകത്തെ ഏക രാഷ്ട്രം ഞങ്ങളാണ്’ – ഉഷ കുറിച്ചു.കർഷക പ്രശ്‌നത്തിൽ നേരത്തെ കായിക ലോകത്തു നിന്ന് സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോലി, അനിൽകുംബ്ലെ, സുരേഷ് റെയ്‌ന, ശിഖർ ധവാൻ, രവിശാസ്ത്രി, ആർപി സിങ് എന്നിവർ സർക്കാറിന് പരോക്ഷ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സിനിമാ മേഖലയിൽ നിന്ന് അക്ഷയ് കുമാർ, സുനിൽ ഷെട്ടി, അജയ് ദേവ്ഗൺ, കരൺ ജോഹർ എന്നിവരും ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ കുറിപ്പിട്ടു.

#IndiaTogether #IndiaAgainstPropaganda എന്നീ രണ്ട് ഹാഷ് ടാഗുകൾ ഉപയോഗിച്ചാണ് സെലിബ്രിറ്റികളുടെ പോസ്റ്റുകൾ. ഇതേ ഹാഷ്ടാഗാണ് ഉഷയും ഉപയോഗിച്ചിട്ടുള്ളത്.

കർഷക സമരവുമായി ബന്ധപ്പെട്ട് നേരത്തെ യുഎസ് പോപ് ഗായിക റിഹാന പോസ്റ്റ് ചെയ്ത ട്വീറ്റ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിഹാനയ്‌ക്കൊപ്പം പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗ് കൂടി പിന്തുണയറിച്ചതോടെ സർക്കാർ തീർത്തും പ്രതിരോധത്തിലായി. അന്താരാഷ്ട്ര തലത്തിൽ നിരവധി സെലിബ്രിറ്റികളാണ് ഇതോടെ കർഷകർക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിട്ടുള്ളത്. ഇതിന് പിന്നാലെ വിദേശകാര്യമന്ത്രാലയം വിഷയത്തിൽ പ്രസ്താവനയിറക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *