ആദിവാസി യുവതിയും നവജാതശിശുവും മര്‍ദനമേറ്റ് വീടിനുള്ളില്‍ പൂട്ടിയിട്ട നിലയില്‍

ക്രൂരമായ മര്‍ദനമേറ്റ് വീടിനുള്ളില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ ആദിവാസി യുവതിയെയും നവജാതശിശുവിനെയും രക്ഷിച്ച്‌ ആശുപത്രിയില്‍ എത്തിച്ചു. അടിമാലി വാളറ പാട്ടയടമ്ബ് ആദിവാസി കോളനിയിലാണ് സംഭവം. ഇവിടെ താമസിക്കുന്ന വിമല(28), 14 ദിവസം പ്രായമായ നവജാതശിശു എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ പോലീസും ആരോഗ്യവകുപ്പ് പ്രവര്‍ത്തകരും രക്ഷിച്ചത്. വ്യാഴാഴ്ച രാത്രിയില്‍ ഭര്‍ത്താവ് രവി(32) മര്‍ദിച്ച ശേഷം വെള്ളിയാഴ്ച പുലര്‍ച്ചെ പൂട്ടിയിട്ട് കടന്നുകളയുകയായിരുന്നെന്ന് വിമല പറഞ്ഞു. ഭക്ഷണം കഴിക്കാനോ കുഞ്ഞിനെ മുലയൂട്ടാനോ ഭര്‍ത്താവ് സമ്മതിച്ചില്ല.

വീട് അടച്ചിരിക്കുന്നത് കണ്ട് അയല്‍വാസികള്‍ പരിശോധിച്ചപ്പോഴാണ് വിമലയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
ഉടന്‍ ട്രൈബല്‍ പ്രൊമോട്ടറെ വിവരം അറിയിച്ചു. ഇവര്‍ ജനമൈത്രി പോലീസ്, പൊതുജനാരോഗ്യ വിഭാഗം എന്നിവര്‍ക്ക് വിവരം കൈമാറി. ഇവര്‍ എത്തിയാണ് വിമലയെയും കുഞ്ഞിനെയും അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പിന്നീട് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

മുഖത്ത് ഇടിയേറ്റ് വികൃതമായ അവസ്ഥയിലാണ് വിമല. വായില്‍നിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നു. കുട്ടിയുടെ ദേഹത്തും പരിക്കുണ്ട്. യുവതിയുടെ ആരോഗ്യനില മോശമാണെന്ന് അടിമാലി താലൂക്കാശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇവര്‍ക്ക് മൂന്ന് കുട്ടികള്‍കൂടിയുണ്ട്. ഇവരെയും അമ്മയോടൊപ്പം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇവരുടെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്ന് പോലീസ് പറഞ്ഞു. രവി ഒളിവിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *