ആഘോഷങ്ങള്‍ തീക്കളിയാകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: പുതുവര്‍ഷപ്പിറവിയും ക്രിസ്മസ് ആഘോഷങ്ങളും തീക്കളിയാകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി. പടക്കങ്ങളും പൂത്തിരികളും പൊട്ടിക്കുമ്പോള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ആഘോഷങ്ങള്‍ സുരക്ഷിതമാക്കാന്‍ ദുരന്ത നിവാരണ അതോറിട്ടി 11 മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ചെറിയ കൈപ്പിഴ, വലിയ അഗ്‌നിബാധയ്ക്കും വന്‍ നാശനഷ്ടങ്ങള്‍ക്കും ഇടയാക്കും. 2014ല്‍ തലസ്ഥാനത്തുണ്ടായ അപകടം ഇതിനുദാഹരണമാണ്.

ആകാശത്ത് വര്‍ണപ്രഭ ചൊരിയാന്‍ തൊടുത്തുവിട്ട റോക്കറ്റ് സമീപത്തുള്ള കച്ചവട സ്ഥാപനത്തിലാണ് പതിച്ചത്. അവിടെ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പൈപ്പുകളുടെ ശേഖരം പൂര്‍ണമായി കത്തിനശിച്ചു. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടായത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷം 20,377 പേര്‍ക്കാണ് അഗ്‌നിബാധമൂലം അപകടമുണ്ടായത്. രാജ്യത്തെ മൊത്തം അപകടങ്ങളില്‍ 6.2 ശതമാനവും അഗ്‌നിബാധമൂലമാണ്. ഇതില്‍ത്തന്നെ 18.3 ശതമാനം ഗൃഹാന്തരീക്ഷത്തില്‍ സംഭവിക്കുന്നതാണ്. ഈ ഗണത്തിലാണ് ആഘോഷങ്ങളോടനുബന്ധിച്ച് പടക്കവും മറ്റും ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍. കരിമരുന്നു പ്രയോഗം മൂലമുള്ള ശബ്ദ മലിനീകരണവും അന്തരീക്ഷ മലിനീകരണവും നിയന്ത്രിക്കാനുള്ള നിയമമുണ്ടെങ്കിലും ഇതു കൃത്യമായി പാലിക്കപ്പെടാറില്ല. എങ്കിലും ജനങ്ങള്‍ക്ക് സുരക്ഷാബോധം ഉണ്ടായിരിക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടി അധികൃതര്‍ പറഞ്ഞു.

മാര്‍ഗനിര്‍ദേശങ്ങള്‍

വീടിനുള്ളില്‍ പടക്കം ശേഖരിച്ചുവയ്ക്കാന്‍ പാടില്ല
പടക്കമോ പൂത്തിരിയോ വീടിനുള്ളില്‍ കത്തിക്കരുത്
പടക്കങ്ങള്‍ കത്തിക്കേണ്ടത് മുതിര്‍ന്നവരുടെ സാന്നിധ്യത്തില്‍ മാത്രമാകണം
ചെറിയ കുട്ടികളെ സുരക്ഷിതമായ അകലത്തില്‍ നിര്‍ത്തണം
ഒരു ബക്കറ്റില്‍ വെള്ളം നിറച്ചുവയ്ക്കണം
പടക്കങ്ങള്‍, പൂത്തിരി, തറചക്രം, മത്താപ്പ്, റോക്കറ്റ് എന്നിങ്ങനെ വേര്‍തിരിച്ച് ക്രമം അനുസരിച്ച് കത്തിക്കണം
രണ്ടുമീറ്റര്‍ നീളമുള്ള കമ്പിയില്‍ തുണിയോ കയറോ ചുറ്റി പടക്കങ്ങളില്‍ തീ പകരണം
കമ്പിത്തിരി, മത്താപ്പ്, റോക്കറ്റ് എന്നിവയും നേരിട്ട് കൈകൊണ്ട് കത്തിക്കരുത്
കത്താതെ അവശേഷിക്കുന്ന പടക്കത്തിനു സമീപം പോകരുത്. അത് ഉപേക്ഷിക്കുക
പൊള്ളലേറ്റാല്‍ ധാരാളം വെള്ളമൊഴിച്ച് തണുപ്പിക്കണം
വീട്ടിലുള്ള എല്ലാവരും ഒരേസമയം പടക്കം കത്തിക്കരുത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *