ആംആദ്മി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിക്ക് സ്‌റ്റേ ഇല്ല

ദില്ലിയിലെ 20 ആംആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയ രാഷ്ട്രപതിയുടെ നടപടിക്ക് സ്‌റ്റേ ഇല്ല. തങ്ങളെ അയോഗ്യരാക്കിയ രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് എംഎല്‍എ മാര്‍ നല്‍കിയ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പെടെ മുഴുവന്‍ എതിര്‍കക്ഷികള്‍ക്കും ദില്ലി ഹൈക്കോടതി നോട്ടീസയച്ചു.

ഒരാഴ്ചകകം മറുപടി നല്‍കാനാണ് കോടതി നിര്‍ദ്ദേശം.ഹര്‍ജിയില്‍ തീര്‍പ്പാകുന്നത് വരെ ഒഴിവ് വന്ന സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദ്ദേശം നല്‍കി.അടുത്ത മാസം ആറിന് കേസ് കോടതി വീണ്ടും പരിഗണിക്കും.

ഇരട്ടപ്പദവി വഹിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ 20 എംഎല്‍എമാര്‍ക്ക് അയോഗ്യരാക്കിയ നടപടി രാഷ്ട്രപതി അംഗീകാരം നല്‍കിതോടെയാണ് എംഎല്‍എമാരുടെ പദവി റദ്ദായത്.

കഴിഞ്ഞ ദിവസമാണ് ദില്ലിയിലെ 20 എഎപി എംഎല്‍എമാരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കുന്നത്. ഇരട്ടപദവി വഹിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. കമ്മീഷന്റെ നടപടിയെ തുടര്‍ന്ന് നിയമസഭയിലെ എഎപിയുടെ അംഗബലം 46 ആയി ചുരുങ്ങി.

എഎപിയുടെ 21 എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചതാണ് ഇരട്ടപ്പദവി വിഷയത്തിലേക്ക് വഴിമാറിയത്. എന്നാല്‍ ഇത് ഇരട്ടപ്പദവിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടി എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി 2017 ജൂണ്‍ 24 ന് കമ്മീഷന്‍ തള്ളിയിരുന്നു. പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിച്ച 20 എംഎല്‍എമാരാണ് ഇപ്പോള്‍ അയോഗ്യരാക്കപ്പെട്ടിരിക്കുന്നത്.

2015 മാര്‍ച്ചിലാണ് എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി മുഖ്യമന്ത്രി കെജ്രിവാള്‍ നിയമിച്ചത്. ഇത് ഇരട്ടപ്പദവിയുടെ പരിധിയില്‍ വരുമെന്നും ഇതിനാല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് ഇവരെ അയോഗ്യരാക്കണമെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ പ്രശാന്ത് പട്ടേലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. അയോഗ്യതാ വിഷയത്തില്‍ ഉള്‍പ്പെട്ട 21 എംഎല്‍എമാരില്‍ ഒരാളായ രജൗറി ഗാര്‍ഡനില്‍ നിന്നുള്ള ജെര്‍ണയില്‍ സിംഗ് പിന്നീട് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി രാജിവെച്ചിരുന്നു. ബാക്കിയുള്ള 20 എംഎല്‍എമാരെയാണ് ഇപ്പോള്‍ അയോഗ്യരാക്കിയിരിക്കുന്നത്.

വിഷയം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ എത്തിയപ്പോള്‍ എംഎല്‍എമാരെ ഇരട്ടപ്പദവിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കാനായി ദില്ലി സര്‍ക്കാര്‍, 1997 ലെ ഇരട്ടപ്പദവി ആക്ടില്‍ ഭേദഗതി വരുത്തി പാര്‍ലമെന്ററി സെക്രട്ടറിമാരെ ഇരട്ടപദവിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇത് രാഷ്ട്രപതിക്ക് അംഗീകാരത്തിന് അയച്ചപ്പോള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവയ്ക്കാതെ മടക്കി. ഇതേതുടര്‍ന്ന് ഭേദഗതി നടപ്പിലായില്ല. പാര്‍ലമെന്ററി സെക്രട്ടറിമാരായി 21 എംഎല്‍എമാരും സേവനം ചെയ്തത് പണം കൈപ്പറ്റാതെയായിരുന്നു. എന്നാല്‍ ദില്ലിയിലെ നിയമത്തില്‍ ഈ പദവി ഇരട്ടപ്പദവിയുടെ ഗണത്തില്‍ വരുന്നതാണ്. ഇത് മാറ്റുന്നതിനാണ് നിയമഭേദഗതി കൊണ്ടുവന്നത്. ഇതാണ് രാഷ്ട്രപതി തള്ളിയത്.

ഇതിനെതിരേ എംഎല്‍എമാര്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണറുടെ അംഗീകാരമില്ലാതെ നടത്തിയ പാര്‍ലമെന്ററി സെക്രട്ടറിപദവി നിയമപരമല്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ലമെന്ററി സെക്രട്ടറി പദവി നില്‍നില്‍ക്കില്ലെന്നും ഇതിനാല്‍ ഇരട്ടപദവി വിഷയം തന്നെ ഉദിക്കുന്നില്ലെന്നുമായിരുന്നു എഎഎപിയുടെ വാദം. എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *