അൻപത് ശതമാനം വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക്

സംസ്ഥാനത്തെ 10,12 ക്ലാസുകള്‍ ജനുവരി 4 മുതല്‍ പുന:രാരംഭിക്കുന്ന സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആദ്യഘട്ടത്തില്‍ 50 ശതമാനം വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനം. രണ്ടു ഷിഫ്റ്റുകള്‍ ആയാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9ന് അല്ലെങ്കില്‍ 10ന് ആരംഭിച്ച്‌ ഒരു മണിക്കുള്ളില്‍ അവസാനിക്കുന്നതാകും ആദ്യത്തെ ഷിഫ്റ്റ്. രണ്ടിന് ആരംഭിച്ച്‌ വൈകിട്ട് 5നുള്ളില്‍ രണ്ടാമത്തെ ഷിഫ്റ്റ് അവസാനിക്കും. സ്കൂള്‍ തുറക്കുന്ന ആദ്യ ആഴ്ചയില്‍ ഒരു ബഞ്ചില്‍ ഒരു കുട്ടി എന്ന രീതിയിലാണ് ക്ലാസുകള്‍ നടത്തുക. സ്‌കൂളിന്റെ സൗകര്യങ്ങള്‍ കണക്കിലെടുത്താകണം വിദ്യാര്‍ത്ഥികളുടെ എണ്ണം തീരുമാനിക്കാന്‍.
സ്‌കൂളില്‍ കുറഞ്ഞത് രണ്ടു മീറ്റര്‍ എങ്കിലും വിദ്യാര്‍ത്ഥികളും, അധ്യാപകരും അകലം പാലിച്ചിരിക്കണം. ഓരോ ബാച്ചിന്റെയും ക്ലാസ് തുടങ്ങുന്ന സമയം, ഇടവേള, അവസാനിക്കുന്ന സമയം എന്നിവ വ്യത്യസ്തമായി ക്രമീകരിച്ചിരിക്കണം. കോവിഡ് പ്രതിരോധനത്തിനായി സ്‌കൂളുകളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് പ്രധാന അധ്യാപകര്‍ ഉറപ്പുവരുത്തേണ്ടതാണ്. മാസ്ക്, സാനിറ്റയിസര്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, സോപ്പ് തുടങ്ങിയവ സ്ക്കൂളുകളില്‍ സജ്ജീകരിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുന്നതിനായി സ്‌കൂള്‍ പരിസരങ്ങളില്‍ സൂചനാബോര്‍ഡുകള്‍, സ്റ്റിക്കറുകള്‍, പോസ്റ്ററുകള്‍, എന്നിവ പതിപ്പിക്കേണ്ടതാണ്.

ഭക്ഷണം, വെള്ളം എന്നിവയും വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന മറ്റു വസ്തുക്കളും മറ്റു വിദ്യാര്‍ത്ഥികളുമായി പങ്കുവയ്ക്കാന്‍ അനുവദിക്കരുത്. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നതും ഒഴിവാക്കണം. സ്ക്കൂളില്‍ ആരോഗ്യപരിശോധനാ സൗകര്യം ഒരുക്കേണ്ടതാണ്. എല്ലാ സ്‌കൂളുകളിലും കോവിഡ്സെല്‍ രൂപീകരിച്ച്‌ ആഴ്ചയില്‍ ഒരിക്കല്‍ യോഗം കൂടി സാഹചര്യം വിലയിരുത്തേണ്ടതാണ്. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച ദിവസങ്ങള്‍ക്കു ശേഷം മാത്രമേ കോവിഡ് രോഗബാധിതരും, ക്വാറന്റൈനില്‍ കഴിയുന്നവരും സ്‌കൂളില്‍ ഏതാണ് പാടുള്ളു. സ്കൂള്‍ വാഹനങ്ങളില്‍ സുരക്ഷിതമായ അകലം പാലിക്കണം. മാസ്ക് നിര്‍ബന്ധമാക്കണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *