അശ്വതി ജ്വാലയെ പൊലീസ് വേട്ടയാടുന്നുവെന്ന ആരോപണം തോന്നല്‍ മാത്രം: കടകംപള്ളി

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണത്തിന്റെ പേരില്‍ പൊലീസ് വേട്ടയാടുന്നുവെന്ന സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയുടെ ആരോപണം അവരുടെ തോന്നല്‍ മാത്രമാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ പൊലീസ് നടപടി സ്വീകരിച്ചതില്‍ തെറ്റില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പരാതി കിട്ടിയാല്‍ പൊലീസിന് അതേക്കുറിച്ച്‌ അന്വേഷിക്കാതിരിക്കാനാവില്ലെന്നും. പരാതി ശരിയോ തെറ്റോ എന്ന് അന്വേഷിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും. അതാണ് പൊലീസ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ പിഴവ് പറ്റിയെന്ന് അശ്വതി തന്നെ പറഞ്ഞിട്ടുണ്ട്.

ലിഗയുടെ സഹോദരി ഇല്‍സിയെ കൊണ്ട് ചിലര്‍ സര്‍ക്കാരിനെതിരെ പറയിപ്പിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥനരഹിതമാണെന്നും കടകംപള്ളി പറഞ്ഞു.അശ്വതി അനധികൃത പണപ്പിരിവ് നടത്തിയെന്ന് ആരോപിച്ച്‌ കോവളം പനങ്ങോട് സ്വദേശി അനില്‍കുമാറാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. 3.8 ലക്ഷം രൂപ ഇത്തരത്തില്‍ അശ്വതി പിരിച്ചെടുത്തുവെന്നും അടുത്തിടെ അഞ്ച് ഏക്കര്‍ ഭൂമി വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയത് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ, വിദേശവനിതയെ കാണാതായത് സംബന്ധിച്ച പരാതി പറയാനെത്തിയ തങ്ങളോട് മുഖ്യമന്ത്രിയും ഡി.ജി.പിയും മോശമായി പെരുമാറിയെന്ന അശ്വതി ജ്വാലയുടെ ആരോപണം വിവാദമായിരുന്നു. ഇതിന് പ്രതികാരമായി കള്ളക്കേസ് ഉണ്ടാക്കുകയായിരുന്നു എന്നാണ് ആക്ഷേപം ഉയര്‍ന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *