അവിശ്വാസത്തിന്റെ മറവില്‍ കൊച്ചി മേയറെ നീക്കാന്‍ കോണ്‍ഗ്രസില്‍ ചരടുവലികള്‍ മുറുകി

കൊച്ചി: ഇടതു മുന്നണിയുടെ അവിശ്വാസത്തിന്റെ മറവില്‍ മേയര്‍ സൗമിനി ജെയിനിനെ നീക്കാന്‍ കോണ്‍ഗ്രസില്‍ ചരടുവലികള്‍ മുറുകി. അവിശ്വാസം സഭയില്‍ കൊണ്ടുവരുന്നതിനു മുമ്ബുതന്നെ, അതിന്റെ ബലത്തില്‍ ആളെ മാറ്റാനുള്ള അണിയറ ചര്‍ച്ചകളാണ് കോണ്‍ഗ്രസില്‍ നടന്നുകൊണ്ടിരിക്കുന്നത്. മേയറുടെ രാജി ആവശ്യം ഉന്നയിച്ചിരിക്കുന്ന ഇടതുമുന്നണിയില്‍, അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനുള്ള ആലോചന തകൃതിയാണ്. മേയര്‍ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ രണ്ടര വര്‍ഷം എന്ന കരാര്‍ കോണ്‍ഗ്രസില്‍ ഇല്ല. അത് അന്നത്തെ കെ.പി.സി.സി. പ്രസിഡന്റായിരുന്ന വി.എം. സുധീരന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. സൗമിനി ജെയിനിനെ മേയര്‍ ആക്കുന്നതിനെതിരേ ശക്തമായി നിലയുറപ്പിച്ചിരുന്ന എ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കള്‍ വീണ്ടും നേതൃമാറ്റം എന്ന ആവശ്യം ഉന്നയിച്ച്‌ രംഗത്തുവന്നിരിക്കുകയാണ്.

കൊച്ചി നഗരസഭയില്‍ രണ്ട് അംഗങ്ങളുടെ ബലത്തിലാണ് യു.ഡി.എഫ്. ഭരണം നിലനില്‍ക്കുന്നത്. ആ സാഹചര്യത്തില്‍ അവിശ്വാസത്തെ നേരിടാനുള്ള ഉപാധിയായി, നേതൃമാറ്റം മുന്നോട്ടുവയ്ക്കാനാണ് അവര്‍ കോപ്പുകൂട്ടുന്നത്. എന്നാല്‍, എ വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കള്‍ ഇത്തരമൊരു നീക്കത്തിന് എതിരാണ്. നഗരഭരണം കുഴപ്പങ്ങളില്ലാതെ പോകുമ്ബോള്‍, കോണ്‍ഗ്രസിനകത്ത് പ്രശ്‌നങ്ങളുണ്ടാക്കി കളഞ്ഞുകുളിക്കരുതെന്ന സന്ദേശമാണ് അവര്‍ കൈമാറിയിട്ടുള്ളത്. അവിശ്വാസം വിജയിക്കണമെങ്കില്‍ ബി.ജെ.പി.യുടെയും കോണ്‍ഗ്രസിലെ വിമതരുടെയും സഹായം വേണ്ടിവരും. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിനു ശേഷം ഇടതുമുന്നണിയില്‍നിന്ന് അത്തരമൊരു നീക്കം കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. അതിന് അവരെ പ്രേരിപ്പിക്കുന്ന വിധത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. കെ.പി.സി.സി. സെക്രട്ടറി എം. പ്രേമചന്ദ്രന്‍, കെ.ആര്‍. പ്രേമകുമാര്‍, പി.ഡി. മാര്‍ട്ടിന്‍ എന്നിവരാണ് പ്രധാനമായും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിനായി സമ്മര്‍ദം ചെലുത്തുന്നത്.

എന്നാല്‍, മേയര്‍ക്ക് ശക്തമായ പിന്‍ബലമായി, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് ടി.ജെ. വിനോദ് തുടരണമെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പൊതുവെയുള്ളത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനം മാറുകയാണെങ്കില്‍ അതിന് അനുബന്ധമായി മറ്റ് സ്ഥിരം സമിതി അധ്യക്ഷന്മാരെയും മാറ്റേണ്ടതായി വരും. ഒരാളുടെ ബലത്തിലാണ് സ്ഥിരം സമിതികള്‍ യു.ഡി.എഫ്. കൈവശം വച്ചിരിക്കുന്നത്. ആരോഗ്യ സ്ഥിരം സമിതിയില്‍ ഇപ്പോള്‍ത്തന്നെ യു.ഡി.എഫിന് ഭൂരിപക്ഷമില്ല. അഴിച്ചുപണിക്ക് മുതിര്‍ന്നാല്‍ എല്ലാം കുഴപ്പത്തിലാകുമെന്ന അഭിപ്രായവും നേതാക്കള്‍ക്കുണ്ട്. അതേസമയം, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിനായി കണ്ണുംനട്ടിരിക്കുന്ന ഐ വിഭാഗത്തിലെ ചിലരും പൊളിച്ചെഴുത്തിനായി രംഗത്തുണ്ട്. ഡി.സി.സി. പ്രസിഡന്റായ ടി.ജെ. വിനോദ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് തുടരുന്നത് ഇരട്ടപ്പദവിയാണെന്ന ന്യായത്തിലാണ് മാറണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *