അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഡിവില്ലിയേഴ്സ്; ഇന്ത്യന്‍ ലക്ഷ്യം 304


കാണ്‍പൂര്‍ ഏകദിനത്തില്‍ ദക്ഷഇണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് 304 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ എ.ബി.ഡിവില്ലിയേഴ്സിന്റെ അപരാജിത സെഞ്ചുറിയുടെ മികവിലാണ് മകിച്ച സ്കോര്‍ കുറിച്ചത്. 73 പന്തില്‍ 104 റണ്‍സുമായി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സും 19 പന്തില്‍ 35 റണ്‍സെടുത്ത ബെഹാര്‍ദ്ദീനും ചേര്‍ന്ന് അവസാന മൂന്നോവറില്‍ 53 റണ്‍സടിച്ചുകൂട്ടിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍ ഉറപ്പാക്കിയത്.


47 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ 250/5 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാല്‍ ഉമേഷ് യാദവും ഭുവനേശ്വര്‍കുമാറും ചേര്‍ന്നെറിഞ്ഞ അവസാന മൂന്നോവറില്‍ ഡിവില്ലിയേഴ്സ് വിശ്വരൂപം പുറത്തെടുത്തതോടെ ദക്ഷിണാഫ്രിക്ക 300 കടന്നു. ഇന്നിംഗ്സിലെ അവസാന പന്ത് സിക്സറിന് പറത്തിയാണ് ഡിവില്ലിയേഴ്സ് സെഞ്ചുറി തികച്ചത്. 60 പന്തില്‍ 60 റണ്‍സെടുത്തിരുന്ന ഡിവില്ലിയേഴ്സ് പിന്നീട് സെഞ്ചുറിയിലേക്ക് വേണ്ടിവന്നത് കേവലം 13 പന്തുകള്‍ മാത്രം. 5 ഫോറും ആറ് സിക്സറുകളും അടങ്ങുന്നതാണ് ഡിവില്ലിയേഴ്സിന്റെ ഇന്നിംഗ്സ്.


കാണ്‍പൂരില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. ഡൂപ്ലെസി(62), അംല(37), ഡീകോക്ക്(29)എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ മറ്റ് പ്രധാന സ്കോറര്‍മാര്‍. പേശിവലിവിനെത്തുടര്‍ന്ന് ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നറായ അശ്വിന് 4.4 ഓവര്‍ മാത്രമെ എറിയാന്‍ കഴിഞ്ഞുള്ളു. 14 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുക്കുകയും ചെയ്തു. 47 റണ്‍സ് വഴങ്ങി അമിത് മിശ്ര രണ്ടു വിക്കറ്റെടുത്തപ്പോള്‍ ഉമേഷ് യാദവ് 71 റണ്‍സ് വഴങ്ങി 2 വിക്കറ്റെടുത്തു.



Sharing is Caring