അഴിമതി കോക്കസിനെതിരേ കേന്ദ്ര നേതൃത്വത്തിന് പരാതിപ്രളയം


മെഡിക്കല്‍ കോളജ് കോഴ വിവാദത്തിനു പിന്നാലെ ബി.ജെ.പിയിലെ അഴിമതിക്കാരായ നേതാക്കളുടെ സംഘത്തിനെതിരേ കേന്ദ്രനേതൃത്വത്തിനു പരാതിപ്രളയം.
മെഡിക്കല്‍ കോളജിന് കേന്ദ്രാനുമതി വാങ്ങിനല്‍കാന്‍ കോഴ വാങ്ങിയതു സംബന്ധിച്ച പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് പുറത്തായ പശ്ചാത്തലത്തിലാണ് ബി.ജെ.പിയിലെ അഴിമതിക്കാരായ നേതാക്കള്‍ക്കെതിരേ പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ പരാതി ഉയരുന്നത്.


കൊച്ചി കേന്ദ്രീകരിച്ച് നിലകൊണ്ടിരുന്ന നേതാക്കളുടെ കോക്കസിനെതിരേ അമര്‍ഷത്തിലായിരുന്ന നേതാക്കള്‍ ഇതൊരു അവസരമായെടുത്തിരിക്കുകയാണ്. കോഴിക്കോട്ട് നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ പിരിവുകളും വ്യാജ പേരിലുള്ള ഇടപാടുകള്‍ക്കുമെതിരേ പ്രമുഖ സംസ്ഥാന നേതാവിനെതിരേ ശേീയനേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.
ഇതുകൂടാതെ മെഡിക്കല്‍ കോളജ് കോഴവിവാദത്തില്‍പ്പെട്ട ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സതീഷ് നായരുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ നടത്തിയ ഇടപാടുകള്‍ക്കെതിരേയും പരാതി ഉയര്‍ന്നിട്ടുണ്ട്. ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രിമാരും സംസ്ഥാനത്ത് എത്തുമ്പോള്‍ അവര്‍ക്കു മുന്നില്‍ വ്യവസായികളെയും ഇടനിലക്കാരെയും അണിനിരത്തി സ്വന്തം കാര്യങ്ങള്‍ നേടിയെടുക്കുന്ന നേതാക്കള്‍ക്കെതിരേയുള്ള അമര്‍ഷവും പരാതിയായി കേന്ദ്രനേതൃത്വത്തിനു മുന്നില്‍ നേരത്തെ എത്തിയിരുന്നു.


അമിത്ഷാ കൊച്ചിയില്‍ എത്തിയപ്പോള്‍ പാര്‍ട്ടിയിലേക്ക് വരാന്‍ താല്‍പര്യമുള്ള വി.ഐ.പികളുടെ കൂടിക്കാഴ്ച എന്ന പേരില്‍ വ്യവസായികളെ അണിനിരത്തിയത് അന്നുതന്നെ ദേശീയ അധ്യക്ഷന്റെ ശ്രദ്ധയില്‍ ഒരു വിഭാഗം നേതാക്കള്‍ കൊണ്ടുവന്നിരുന്നു. ഇതേതുടര്‍ന്ന് ജില്ലയിലെ പ്രമുഖനായ സംസ്ഥാന നേതാവിനെ കൂടിക്കാഴ്ചയില്‍നിന്ന് അമിത്ഷാ മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു.
കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു കൊച്ചിയില്‍ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ കാത്തുനിന്ന ബി.ജെ.പി ജില്ലാ നേതാക്കളുടെ സംഘത്തിനു മുന്നില്‍നിന്ന് തന്ത്രപരമായി വഴിതിരിച്ച് ഹോട്ടലില്‍ കൊണ്ടുപോയി പ്രത്യേക സ്വീകരണമൊരുക്കിയ ഇടനിലക്കാരായ സംഘത്തിന്റെ നടപടിക്കെതിരേയും കേന്ദ്രനേതൃത്വത്തിനു പരാതി ലഭിച്ചിട്ടുണ്ട്.

ബി.ജെ.പിയുടെ യുവജന നേതാവിനെ ജനകീയസമരത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തപ്പോള്‍ കാര്യമായ പ്രതിഷേധം സൃഷ്ടിക്കാതെ ഇതിന്റെ മറവില്‍ ജയിലിലേക്ക് അയക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ച മുതിര്‍ന്ന നേതാക്കളുടെ നടപടിയും കേന്ദ്രനേതൃത്വത്തിനു മുന്നിലെത്തി. ഇതു പിന്നീട് ഗ്രൂപ്പ് തിരിഞ്ഞുള്ള പോരായി മാറുകയും ചെയ്തു.

മെഡിക്കല്‍ കോളജ് അഴിമതി ദേശീയ ശ്രദ്ധയില്‍വന്നതോടെ കേരളത്തില്‍നിന്നുള്ള എന്‍.ഡി.എ നേതാക്കളുടെ കേന്ദ്രസ്ഥാനമോഹങ്ങള്‍ക്കും തിരിച്ചടിയായിട്ടുണ്ട്. കേന്ദ്ര ബോര്‍ഡ്-കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ സ്വപ്നം കണ്ട് ബി.ജെ.പിക്ക് ഒപ്പംകൂടിയ എന്‍.ഡി.എയിലെ ഘടകകക്ഷി നേതാക്കളുടെ കാര്യവും അനിശ്ചിതത്വത്തിലാണ്.

ബി.ജെ.പിയിലെ ഗ്രൂപ്പുപോരും അഴിമതിയും കാരണം സ്ഥാനങ്ങള്‍ നല്‍കാതിരുന്ന കേന്ദ്രനേതൃത്വം പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നിലപാട് കടുപ്പിക്കുമെന്നാണു സൂചന. ഇത് ബി.ഡി.ജെ.എസും കേരള കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്കും തിരിച്ചടിയാകും.
അതിനിടെ, എന്‍.ഡി.എ യോഗം വിളിച്ചുകൂട്ടണമെന്ന ആവശ്യവുമായി ഘടകകക്ഷികള്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.



Sharing is Caring