അരങ്ങേറ്റത്തില്‍ സെഞ്ചുറി, ‘അറിവില്ലായ്മ’യ്ക്കു മാപ്പ് പറച്ചില്‍; ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇങ്ങനെ

ഇന്നലെ വൈകിട്ട് ആരംഭിച്ച ഇംഗ്ലണ്ട് -ന്യൂസിലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം സംഭവബഹുലമായി. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡ് ഒന്നാം ദിനം കളിനനിര്‍ത്തുമ്പോള്‍ മൂന്നിന് 246 എന്ന ശക്തമായ നിലയിലാണ്.

എന്നാല്‍ ആദ്യദിനം വാര്‍ത്തകളില്‍ ഇടംപിടിച്ചത് രണ്ട് അരങ്ങേറ്റക്കാരാണ്. ഒരാള്‍ മികച്ച പ്രകടനം കൊണ്ട് ആരാധകരുടെ പ്രശംസ പിടിച്ചുപറ്റിയെങ്കില്‍ മറ്റൊരാള്‍ പിഴവുകള്‍ക്ക് ക്ഷമചോദിച്ച് ആദരവ് നേടി.

മൂന്നു താരങ്ങളാണ് മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചത്. ന്യൂസിലന്‍ഡിനായി ഡെവണ്‍ കോണ്‍വേയും ഇംഗ്ലണ്ടിനു വേണ്ടി ഒലി റോബിന്‍സണ്‍, ജയിംസ് ബ്രേസി എന്നിവരും. ഇതില്‍ കോണ്‍വേയും റോബിന്‍സണുമാണ് താരങ്ങള്‍.

അരങ്ങേറ്റക്കാരന്റെ പതര്‍ച്ചയില്ലാതെ കിവീസിനായി ഇന്നിങ്‌സ് കരുപ്പിടിപ്പിച്ച കോണ്‍വേ ഭാവിതാരമാണെന്നു ആദ്യ മത്സരത്തില്‍ തന്നെ തെളിയിച്ചുകഴിഞ്ഞു. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറി.

മൂന്നിന് 114 എന്ന നിലയില്‍ പതറിയ കിവീസിന് കരുത്തായത് കോണ്‍വേയുടെ ഇന്നിങ്‌സാണ്. 240 പന്തില്‍ നിന്ന് 16 ബൗണ്ടറികളോടെ 136 റണ്‍സ് നേടിയാണ് കോണ്‍വേ പുറത്താകാതെ നില്‍ക്കുന്നത്. നാലാം വിക്കറ്റില്‍ ഹെന്റ്‌റി നിക്കോള്‍സിനെ(46) കൂട്ടിപിടിച്ചു കോണ്‍വേ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് കൂട്ടത്തകര്‍ച്ചയില്‍ നിന്നു ടീമിനെ കരകയറ്റിയത്. ഇരുവരും ഇതുവരെ 142 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

റോബിന്‍സണ്‍ ശ്രദ്ധനേടിയത് ഒരു മാപ്പു പറച്ചിലിലൂടെയാണ്; അതും പത്തുവര്‍ഷം മുമ്പ് ചെയ്തുപോയ ഒരു തെറ്റിന്. 2012-ല്‍ ഒരു ടീനേജുകാരനായിരിക്കെ നടത്തിയ വര്‍ഗീയ-വംശീയ പരാമര്‍ശങ്ങള്‍ക്കാണ് തന്റെ 28-ാം വയസില്‍ അരങ്ങേറ്റ മത്സരദിനത്തില്‍ റോബിന്‍സണ്‍ മാപ്പുപറഞ്ഞത്.

2012 ഏപ്രിലിനും 2013 ജൂണിനുമിടയിലാണ് ട്വിറ്ററിലൂടെ താരം പരാമര്‍ശങ്ങള്‍ നടത്തിയത്. കറുത്തവര്‍ഗക്കാരെ വംശീയമായി അധിക്ഷേപിക്കുകയും മുസ്ലീംകളെ തീവ്രാദികള്‍ എന്നു വിളിക്കുകയുമാണ് താരം ചെയ്തത്.

ഇന്നലെ റോബിന്‍സണ്‍ ഇംഗ്ലണ്ടിനായി അരങ്ങേറിയപ്പോള്‍ ചിലര്‍ ഇീ പഴയകാല ട്വീറ്റുകള്‍ കുത്തിപ്പൊക്കുകയായിരുന്നു. വളരെവേഗം ഇതു വൈറലായതോടെയാണ് മാപ്പപേക്ഷിച്ചു താരം രംഗത്തു വന്നത്. വെറും 17 വയസുള്ളപ്പോള്‍ തന്റെ അറിവില്ലായ്മ കൊണ്ടു സംഭവിച്ചുപോയതാണ് അതെന്നും പിന്നീട് ഒരിക്കല്‍പ്പോലും അങ്ങനെ തെറ്റ് ചെയ്തിട്ടില്ലെന്നും റോബിന്‍സണ്‍ ട്വീറ്റ് ചെയ്തു. തന്റെ പരാമര്‍ശങ്ങള്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കില്‍ മാപ്പുചോദിക്കുന്നതായും താനൊരു വംശീയവാദിയോ, വര്‍ഗീയവാദിയോ അല്ലെന്നും താരം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *