അയോധ്യ ഭൂമിതര്‍ക്ക കേസ്: വാദം കേള്‍ക്കല്‍ ഇന്ന് പൂര്‍ത്തിയായേക്കും

ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ ഭരണഘടനാ ബെഞ്ചിന്‍റെ വാദം കേള്‍ക്കല്‍ ഇന്ന് പൂര്‍ത്തിയായേക്കുമെന്ന് ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌.മുന്‍പ് നിശ്ചയിച്ച പ്രകാരം ഒക്ടോബര്‍ 18 വരെയായിരുന്നു വാദം കേള്‍ക്കല്‍ നടക്കേണ്ടിയിരുന്നത്. പിന്നീട് ഒക്ടോബര്‍ 17നകം വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍, ഇപ്പോള്‍ നിശ്ചയിച്ചത്തിനും ഒരു ദിവസം മുന്‍പേ വാദംകേള്‍ക്കല്‍ പൂര്‍ത്തിയാവുകയാണ്. കേസില്‍ 41 ദിവസമാണ് ആകെ വാദം കേള്‍ക്കലിനായി നിശ്ചയിച്ചിരുന്നത്.

അതേസമയം, കേസിലെ മുഴുവന്‍ കക്ഷികള്‍ക്കും വാദം സമര്‍പ്പിക്കാന്‍ കോടതി ഇന്ന് സമയം അനുവദിച്ചിട്ടുണ്ട്. കേസിലെ മുഴുവന്‍ കക്ഷികള്‍ക്കും 45 മിനിറ്റ് വീതമാണ് തങ്ങളുടെ വാദം പൂര്‍ത്തീകരിക്കാന്‍ അനുവദിച്ചിരിക്കുന്നത്. ഇന്നലെ വാദം പൂര്‍ത്തീകരിക്കാനാകാത്തതിനാല്‍ കേസില്‍ കക്ഷിയായ രാം ലല്ലയ്ക്ക് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ സി എസ് വൈദ്യനാഥന് ഇന്ന് പ്രത്യേകം 45 മിനിറ്റ് അനുവദിച്ചിട്ടുണ്ട്. ഇതിന് എതിര്‍ വാദമുന്നയിക്കാന്‍ സുന്നി വഖ്ഫ് ബോര്‍ഡിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാ‍ഷകന്‍ രാജീവ് ധവാന് ഒരു മണിക്കൂറും വകയിരുത്തിയിട്ടുണ്ട്. വൈകിട്ട് അഞ്ച് മണിയോടെ 40 ദിവസം നീണ്ടുനിന്ന വാദം കേള്‍ക്കല്‍ അവസാനിക്കും.

ബാബറി മസ്ജിദ് ഭൂമിത്തര്‍ക്ക കേസില്‍ നീണ്ട 40 ദിവസമാണ് വാദം കേള്‍ക്കാനായി സുപ്രീംകോടതി വിനിയോഗിച്ചത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് ‌എ നസീര്‍ എന്നിവരാണ് അഞ്ചംഗ ഭരണഘടന ബഞ്ചിലുള്ളത്.

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ ഉള്‍പ്പെട്ട എല്ലാ കക്ഷികളും ഒക്ടോബര്‍ 18നകം വാദം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്ന് മുന്‍പ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി അധിക സമയം വാദം കേട്ടിരുന്നു. എല്ലാ ദിവസവും ഒരു മണിക്കൂര്‍ അധികവും, കൂടാതെ ശനിയാഴ്ചയും വാദം കേള്‍ക്കല്‍ തുടര്‍ന്നിരുന്നു.നിലവിലെ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് ന​വം​ബ​ര്‍ 17ന് വിരമിക്കും. അതിന് മുന്‍പ് അയോധ്യ ഭൂമി തര്‍ക്ക കേസില്‍ വി​ധി​ പ്രസ്താവിക്കും.

ജ​സ്റ്റീ​സ് ഇ​ബ്രാ​ഹീം ഖ​ലീ​ഫു​ല്ലയുടെ അദ്ധ്യക്ഷതയിലുള്ള മ​ധ്യ​സ്ഥ സ​മി​തി​യു​ടെ നീ​ക്കം പ​രാ​ജ​യ​മാ​ണെ​ന്നു കണ്ടാണ്‌ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം മു​ത​ല്‍ കേ​സി​ല്‍ അ​ന്തി​മ വാ​ദം കേള്‍ക്കല്‍ തു​ട​ങ്ങി​യ​ത്.2.77 ഏക്കര്‍ തര്‍ക്ക ഭൂമി മൂന്നു തുല്യ ഭാഗങ്ങളായി വിധിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുന്ന 14 അപ്പീലുകളാണ് സുപ്രീംകോടതിയില്‍ ഉള്ളത്. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാം ലല്ല എന്നിവര്‍ക്കാണ് ഭൂമി തുല്യമായി വിഭജിച്ചു നല്‍കാന്‍ അലഹബാദ് ഹൈക്കോടതി വിധിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *