അയോധ്യ പ്രശ്നം പരിഹരിക്കാന്‍ ശ്രീ ശ്രീ രവിശങ്കര്‍ എത്തുന്നു: രാമന്‍ എന്ന വികാരത്തെതള്ളാന്‍ ആര്‍ക്കുമാകില്ലെന്ന് യോഗി

അയോധ്യയിലെ രാമക്ഷേത്രപ്രശ്നം പരിഹരിക്കാന്‍ ശ്രീ ശ്രീ രവിശങ്കര്‍ എത്തുന്നു. ചര്‍ച്ചകള്‍ക്ക് മധ്യസ്ഥനായി രംഗത്തെത്തിയ ശ്രീ ശ്രീ രവിശങ്കറെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വാഗതംചെയ്തു. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ആഗ്രഹം. ശുഭകരമായ ഉദ്ദേശ്യത്തോടെ ഈ വിഷയത്തില്‍ മധ്യസ്ഥത വഹിക്കുന്ന ആരുമായും സഹകരിക്കുമെന്നും യോഗി പറഞ്ഞു.
രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തില്‍ ശുഭപ്രതീക്ഷയാണുള്ളതെന്നും രാമന്‍ എന്ന വികാരത്തെതള്ളിക്കൊണ്ട് രാജ്യത്ത് ആര്‍ക്കും മുന്നോട്ട് പോകുവാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം അയോധ്യയില്‍ പറഞ്ഞു. നാളെയാണ് ആത്മീയാചാര്യന്‍ ചര്‍ച്ചകള്‍ക്കായെത്തുന്നത്.
എന്നാല്‍ രവിശങ്കറിന്റെ സന്ദര്‍ശനത്തെ മുസ്ലീം വ്യക്തിനിയമബോര്‍ഡ് എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്. ബാബറി മസ്ജിദ് കര്‍മസമിതിയും നേരത്തെ ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. രവിശങ്കറിനെ അതിന് ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു അവരുടെ പ്രതികരണം. ബാബറി മസ്ജിത് തകര്‍ത്ത കേസിലെ പ്രതിയായ വിശ്വഹിന്ദു പരിഷത്ത് നേതാവും ബിജെപി. മുന്‍ എംപിയുമായ രാംവിലാസ് വേദാന്തി രവിശങ്കറിനു് യോഗ്യത ഇല്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു.
നേരത്തെ ഷിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡും സന്ന്യാസി കൂട്ടായ്മയായ അഖാഡ പരിഷത്തും തമ്മില്‍ കഴിഞ്ഞദിവസം ചര്‍ച്ചനടത്തിയിരുന്നു. ഡിസംബര്‍ അഞ്ചിന് മുന്‍പ് ഒത്തുതീര്‍പ്പ് ധാരണ സുപ്രീംകോടതിയെ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍, ഷിയാ നേതാവ് വസീമിനുനേരേ വിമര്‍ശനവുമായി യു.പി. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് രംഗത്ത് എത്തിയിട്ടുണ്ട്, ഷിയാ ബോര്‍ഡിന് തര്‍ക്കപ്രദേശത്തെ ഭൂമിയില്‍ നിയമപരമായി അവകാശമില്ലെന്നിരിക്കെ അവരുമായുള്ള ചര്‍ച്ചയ്ക്ക് എന്താണ് പ്രസക്തിയെന്ന് സുന്നി സെന്‍ട്രല്‍ ബോര്‍ഡ് കൗണ്‍സലായ സഫര്‍യാബ് ജിലാനി ചോദിക്കുകയാണ്. ഷിയാ വഖഫ് ബോര്‍ഡ് അധ്യക്ഷന്റെ പ്രവര്‍ത്തനം മാധ്യമശ്രദ്ധയ്ക്കുവേണ്ടി മാത്രമാണെന്നും ഷിയാ ബോര്‍ഡുമായി എന്തുകരാറുണ്ടാക്കിയാലും അത് നിയമപരമായി നിലനില്‍ക്കില്ലെന്നും് ജിലാനി പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *