അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കരുതെന്ന് പറയാന്‍ ലോകത്താരും ധൈര്യപ്പെടില്ലെന്ന് ആര്‍എസ്എസ് നേതാവ്

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനാകില്ലെന്ന് പറയാന്‍ ലോകത്താരും ധൈര്യപ്പെടില്ലെന്ന് ആര്‍എസ്എസ് നേതാവ് കൃഷ്ണ ഗോപാല്‍. രാമക്ഷേത്രം നിര്‍മിക്കുന്നത് ആര്‍ക്കും തടയാനാകില്ലെന്നും കൃഷ്ണ ഗോപാല്‍ പറഞ്ഞു. ലക്നൗവില്‍ ആര്‍എസ്എസ് പത്രം പാഞ്ചജന്യയുടെ ബ്യൂറോ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ആര്‍എസ്എസ് നേതാവിന്റെ പ്രസ്താവന. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വേദിയിലുണ്ടായിരുന്നു.
രാമന്‍ ജനങ്ങളുടെ മനസിലുണ്ടെന്നും ഇത് നിഷേധിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും കൃഷ്ണ ഗോപാല്‍ പറഞ്ഞു.

അയോധ്യയില്‍ ഒരു ക്ഷേത്രമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെയും കൃഷ്ണ ആരോപണമുന്നയിച്ചു. രാഹുലിന്റെ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ നാടകമാണെന്നും വോട്ട് തട്ടിയെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞു.

അതിനിടെ, ബാബരി മസ്ജിദ് വിഷയത്തില്‍ കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്‌തെന്ന് ശ്രീ രവിശങ്കര്‍ ഇന്നലെ പറഞ്ഞിരുന്നു. വിഷയത്തില്‍ ഇരു കക്ഷികളുമായി ചര്‍ച്ച നടന്നെന്നാണ് രവിശങ്കര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കേസില്‍ കോടതിക്ക് വെളിയില്‍ മധ്യസ്ഥശ്രമം നടത്തിയെന്ന രവിശങ്കറിന്റെ അവകാശവാദം തള്ളി ബാബരി ആക്ഷന്‍ കമ്മിറ്റിയും രംഗത്തെത്തിയിരുന്നു.

രവിശങ്കര്‍ തങ്ങളോട് ഇതുവരെ സംസാരിക്കുകയോ സന്ദേശങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്നും ആക്ഷന്‍ കമ്മിറ്റി നേതാവ് മെഹബൂബ് വ്യക്തമാക്കി. രവിശങ്കറിന് സംസാരിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ തങ്ങള്‍ തയ്യാറാണെന്നും വിഷയം ചര്‍ച്ച ചെയ്യുന്നതിലും പരിഹരിക്കുന്നതിലും തങ്ങള്‍ക്ക് പ്രശ്നവുമില്ലെന്നും ഹാജി മെഹബൂബ് അറിയിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *