അമേരിക്കയ്‌ക്കെതിരേ വിമര്‍ശനവുമായി റഷ്യ; സിറിയയെ വിഭജിക്കാന്‍ ശ്രമിക്കുന്നു

മോസ്‌കോ: അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച്‌ സിറിയക്കെതിരേ മിസൈലാക്രമണം നടത്തിയ അമേരിക്ക രാജ്യത്തെ വിഭജിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് കുറ്റപ്പെടുത്തി. മോസ്‌കോയില്‍ തുര്‍ക്കി, ഇറാന്‍ വിദേശകാര്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴ് വര്‍ഷമായി നീണ്ടുനില്‍ക്കുന്ന സിറിയന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അവിടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി അസ്താനയില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളുടെ മുന്നോടിയായാണ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്.

സിറിയന്‍ സര്‍ക്കാരിനും വിമതര്‍ക്കുമിടയില്‍ മധ്യസ്ഥരാജ്യങ്ങളായാണ് റഷ്യയും ഇറാനും തുര്‍ക്കിയും പ്രവര്‍ത്തിക്കുന്നത്. സിറിയയുടെ മുഴുവന്‍ ഭൂപ്രദേശങ്ങളിലും സിറിയന്‍ ഭരണകൂടത്തിനുള്ള പരമാധികാരം നിലനില്‍ക്കണമെന്ന് ചര്‍ച്ചയില്‍ മൂന്ന് നേതാക്കളും വ്യക്തമാക്കി.

സിറിയയെ വ്യത്യസ്ത ഭാഗങ്ങളാക്കി കീറിമുറിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് അമേരിക്കയുടെ വിദേശനയമെന്ന് ലാവ്‌റോവ് കുറ്റപ്പെടുത്തി. അത് സംഭവിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ തുര്‍ക്കിയും റഷ്യയും ഇറാനും ഒന്നിച്ച്‌ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തങ്ങള്‍ നടത്തുമ്ബോള്‍ അതിനെ തകര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നത്. സിറിയക്കെതിരേ അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്ന് നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരാണെന്നും ലാവ്‌റോവ് വ്യക്തമാക്കി.

വിമതകേന്ദ്രമായ ദൗമയ്‌ക്കെതിരേ സൈന്യം രാസായുധം പ്രയോഗിച്ചുവെന്നാരോപിച്ചായിരുന്നു ഏപ്രില്‍ 14ന് സിറിയന്‍ രാസായുധ നിര്‍മാണ-ഗവേഷണ കേന്ദ്രങ്ങള്‍ക്കെതിരേ അമേരിക്കയുടെ നേതൃത്വത്തില്‍ ആക്രമണങ്ങള്‍ നടന്നത്. മിസൈലാക്രമണങ്ങള്‍ മേഖലയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. സിറിയയില്‍ സൈനിക പരിഹാരമല്ല, രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്നും ഇക്കാര്യം ഉറപ്പുവരുത്താന്‍ യു.എന്‍ മുന്നോട്ടുവരണമെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി മൗലൂദ് കവുസോഗ്ലു അഭിപ്രായപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *