അമിത്​ ഷായുടെ ‘പട്ടിണി’ പരാമര്‍ശത്തോട്​ പ്രതികരിച്ച്‌​ ബംഗ്ലാദേശ്​

സ്വന്തം രാജ്യത്ത്​ ഭക്ഷണം ലഭിക്കാത്ത സാഹചര്യമുള്ളതിനാല്‍, ബംഗ്ലാദേശിലുള്ള പാവങ്ങള്‍ ഇന്ത്യയിലേക്ക്​ കുടിയേറുകയാണെന്ന ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ പ്രസ്​താവനയോട്​ പ്രതികരിച്ച്‌​ ബംഗ്ലാദേശ്​. അമിത്​ ഷായുടെ ബംഗ്ലാദേശിനെ കുറിച്ചുള്ള അറിവ്​ പരിമിതമാണെന്ന്​ വിദേശകാര്യ മന്ത്രി എ.കെ അബ്ദുള്‍ മോമിന്‍ പറഞ്ഞു. ബംഗ്ലാദേശും ഇന്ത്യയും തമ്മില്‍ ഏറെ ആഴത്തിലുള്ള ബന്ധം കാത്തുസൂക്ഷിക്കുന്ന സാഹചര്യത്തിലുള്ള ഇത്തരം പരാമര്‍ശങ്ങള്‍ സ്വീകാര്യമല്ലെന്നും അത്​ തെറ്റിധാരണ സൃഷ്​ടിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

ബംഗ്ലാദേശില്‍ ആരും പട്ടിണി കാരണം മരിക്കുന്നില്ലെന്നും രാജ്യത്തിന്‍റെ വടക്കല്‍ ജില്ലകളില്‍ ദാരിദ്ര്യവും പട്ടിണിയും നിലനില്‍ക്കുന്നില്ലെന്നും മോമിന്‍ പറഞ്ഞു. പല മേഖലകളിലും അമിത്​ ഷായുടെ രാജ്യത്തേക്കാള്‍ ഏറെ മുന്നിലാണ്​ ബംഗ്ലാദേശ്​, ബംഗ്ലാദേശിലെ 90 ശതമാനം ആളുകളും നല്ല ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നു, ഇന്ത്യയില്‍ 50 ശതമാനത്തിലധികം ആളുകള്‍ക്ക് ശരിയായ ശൗചാലയങ്ങളില്ല എന്നും മോമിന്‍ തുറന്നടിച്ചു.

ബംഗ്ലാദേശില്‍ വിദ്യാസമ്ബന്നര്‍ക്ക്​ ജോലി കുറവുള്ള സാഹചര്യമുണ്ടെങ്കിലും വിദ്യാഭ്യാസം കുറവുള്ളവര്‍ക്ക്​ അത്തരം ക്ഷാമമില്ലെന്ന്​ മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ നിന്ന്​ ഒരു ലക്ഷത്തിലധികം ആളുകള്‍ ബംഗ്ലാദേശില്‍ ജോലി ചെയ്യുന്നുണ്ട്​. നമുക്ക്​ ഇന്ത്യയിലേക്ക്​ പോവേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദാരിദ്ര്യം കാരണം ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക്​ ആളുകള്‍ ഒഴുകുന്നുവെന്ന്​ പറഞ്ഞ അമിത്​ ഷാ, പശ്ചിമ ബംഗാളില്‍ ബി.ജെ.പിയെ വിജയിപ്പിച്ചാല്‍, ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുമെന്നും വാഗ്​ദാനം ചെയ്​തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *