അമിതാഭ് ബച്ചനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു


ഇന്ത്യന്‍ സിനിമയിലെ അതികായരായ അമിതാഭ് ബച്ചനും മോഹന്‍ലാലും രണ്ടാമൂഴം എന്ന ഇതിഹാസ ചിത്രത്തിനായി ഒരുമിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ രണ്ടാമൂഴത്തിന് മുമ്പ് ഒടിയന്‍ എന്ന ചിത്രത്തിനായി ഇരുവരും ഒരുമിച്ച് സ്‌ക്രീനിലെത്തുമെന്നറിയുന്നു. ബഹുഭാഷാ സിനിമയായി ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രം പ്രമുഖ പരസ്യസംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യും. ബച്ചനും മോഹന്‍ലാലിനും പുറമേ പ്രകാശ് രാജും മഞ്ജു വാര്യരും ചിത്രത്തിലുണ്ടാകും.


പ്രൊജക്ടിന്റെ പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അറിയുന്നു. കുട്ടിസ്രാങ്ക്, സ്വപാനം എന്നീ സിനിമകളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ഹരികൃഷ്ണന്‍ തിരക്കഥ നിര്‍വഹിക്കും. ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച വിഷ്വല്‍ ട്രീറ്റായിരിക്കും സിനിമയെന്നാണ് അറിയുന്നത്. ഹോളിവുഡിലെയും ഇന്ത്യന്‍ സിനിമയിലെ മികച്ച സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി അണിനിരക്കുമെന്നും കേള്‍ക്കുന്നു.


നേരത്തെ ഒടിയന്‍ എന്ന പേരില്‍ പ്രിയനന്ദനന്‍ സിനിമ പ്രഖ്യാപിച്ചിരുന്നു. പി കണ്ണന്‍കുട്ടിയുടെ കഥയെ ആധാരമാക്കിയായിരുന്നു സിനിമ. പിന്നീട് ഈ പ്രൊജക്ട് നടക്കാതെ പോയി. രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത ആഗ് എന്ന ചിത്രത്തിലാണ് അമിതാബ് ബച്ചനും മോഹന്‍ലാലും ഒരുമിച്ചിരുന്നു. പിന്നീട് മേജര്‍ രവിയുടെ സംവിധാനത്തില്‍ കാണ്ഡഹാര്‍ എന്ന മലയാള സിനിമയിലും ഇരുവരും ഒരുമിച്ചെത്തി. ഒടിയന്‍ എന്ന ചിത്രത്തെക്കുറിച്ച് മോഹന്‍ലാലോ സംവിധായകനോ ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ല.



Sharing is Caring